ബാറ്ററിയിൽ പ്രവർത്തിക്കുന്ന കാറുകൾക്കും ട്രക്കുകൾക്കും അധിക ഫീസ് ഏർപ്പെടുത്തി കനേഡിയൻ പ്രവിശ്യയായ നോവ സ്കോഷ്യ. വ്യാഴാഴ്ച മുതൽ നിലവിൽ വന്ന പുതിയ ഉത്തരവനുസരിച്ച്, സാധാരണ വാഹന രജിസ്ട്രേഷൻ ഫീസിന് പുറമെ ഇലക്ട്രിക് വാഹന ഉടമകൾ രണ്ട് വർഷത്തിലൊരിക്കൽ 500 ഡോളർ കൂടി അടയ്ക്കണം. പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങൾക്ക് 250 ഡോളറാണ് അധിക നിരക്ക്.
ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവർ പെട്രോൾ-ഡീസൽ നികുതി നൽകാത്തതുകൊണ്ട്, റോഡുകളുടെ അറ്റകുറ്റപ്പണിക്കുള്ള പണം കണ്ടെത്താനാണ് ഈ നീക്കമെന്നാണ് സർക്കാരിൻ്റെ വിശദീകരണം. സാധാരണ വാഹനങ്ങളെ അപേക്ഷിച്ച് ഭാരം കൂടുതലായതിനാൽ ഇലക്ട്രിക് കാറുകൾ റോഡുകൾക്ക് കൂടുതൽ കേടുപാടുകൾ ഉണ്ടാക്കുന്നുണ്ടെന്നും,
അതിനാൽ ഇതിനായി വാഹന ഉടമകൾ വിഹിതം നൽകണമെന്നും ബജറ്റ് പ്രഖ്യാപനത്തിനിടെ പ്രീമിയർ ടിം ഹൂസ്റ്റൺ പറഞ്ഞിരുന്നു.
എന്നാൽ സർക്കാരിൻ്റെ ഈ നീക്കം അനാവശ്യമായ കൊള്ളയാണെന്നാണ് പല വാഹന ഉടമകളും കുറ്റപ്പെടുത്തുന്നത്. ഇന്ധനം നിറയ്ക്കുന്നവർ അവർ വണ്ടിയോടിക്കുന്നതിന് അനുസരിച്ചാണ് നികുതി കൊടുക്കുന്നതെന്നും, കുറച്ചു മാത്രം ദൂരം യാത്ര ചെയ്യുന്നവരടക്കം എല്ലാവർക്കും ഒരേ നിരക്ക് നിശ്ചയിക്കുന്നത് ഒട്ടും ശരിയല്ലെന്നും ഹാലിഫാക്സിലെ ടെസ്‌ല ഉടമയായ കരീന ബാക്സ്റ്റർ പറഞ്ഞു. വാഹനം ഓടുന്ന ദൂരം കണക്കാക്കി ഫീസ് ഈടാക്കുന്നതാണ് കൂടുതൽ നീതിപൂർവ്വകമെന്നും, ഇത്തരം തീരുമാനങ്ങൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ ആഗ്രഹിക്കുന്നവരെ പിന്നോട്ടടിപ്പിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. കാനഡയിലുടനീളം എല്ലാവർക്കും തുല്യവും നീതിയുക്തവുമായ ഒരു നയം ഉണ്ടാകേണ്ട സമയം കഴിഞ്ഞുവെന്ന് വിദഗ്ദ്ധരും വ്യക്തമാക്കുന്നുണ്ട്.
കാനഡയിലെ മറ്റു ചില പ്രവിശ്യകളിലും സമാനമായ ഫീസുകളുണ്ട്. ഈ രീതി ആദ്യം തുടങ്ങിയ സസ്കാച്ചെവൻ കഴിഞ്ഞ വർഷം തങ്ങളുടെ വാർഷിക നിരക്ക് 300 ഡോളറായി ഉയർത്തിയിരുന്നു. ആൽബെർട്ട പ്രതിവർഷം 200 ഡോളറാണ് ഈടാക്കുന്നത്. അടുത്ത വർഷം മുതൽ 125 ഡോളർ വീതം പിരിക്കുമെന്ന് ക്യുബെക് സർക്കാരും അറിയിച്ചിട്ടുണ്ട്.
അതേസമയം, സബ്സിഡികളും ഇളവുകളും നൽകി ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ കേന്ദ്ര സർക്കാർ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. അടുത്ത തവണ പുതിയ വണ്ടി വാങ്ങുമ്പോൾ ഇലക്ട്രിക് വാഹനം നോക്കുമെന്ന് പറയുന്ന കനേഡിയൻമാരുടെ എണ്ണം 2025-ലെ 28 ശതമാനത്തിൽ നിന്ന് ഈ വർഷം 34 ശതമാനമായി ഉയർന്നതായി ജെ.ഡി. പവർ കാനഡ അറിയിച്ചു. ഭാവിയിൽ കൂടുതൽ ആളുകൾ ഇവികളിലേക്ക് മാറുന്നതോടെ സർക്കാരുകൾക്ക് കിട്ടുന്ന ഇന്ധന നികുതി വരുമാനം നിലയ്ക്കുമെന്നും, റോഡുകൾ തകരാതെ നിലനിർത്താൻ താല്ക്കാലികമായെങ്കിലും ഇത്തരം ഫീസുകൾ ആവശ്യമായി വരുമെന്നുമാണ് ഓട്ടോമോട്ടീവ് രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.