'ഞാൻ തീർച്ചയായും കാത്തിരിക്കും..' വത്സല(ഭാഗം 7)

By: 600009 On: Nov 9, 2021, 4:32 PM

Story Written By, Abraham George, Chicago.

മൊയ്തു പറഞ്ഞു: "അന്ന് രാത്രി ഞങ്ങളൊന്നിച്ചുകൂടി, എന്താ വേണ്ടതെന്ന് ആലോചിച്ചു. "

നിൻ്റെ ബാപ്പ പറഞ്ഞു: "ഒരു കാരണവശാലും അബുവിനെ  അറിയിക്കരുത്, അവൻ ജീവിക്കാൻ പഠിക്കുന്നേയുള്ളൂ, ഉള്ള തൊഴിൽ കളഞ്ഞ് ഇവിടെ വന്നിട്ടെന്തിനാണ്, അവനെ അവർ കൊല്ലും, അവരതിന് ഒട്ടും മടിക്കില്ല, തീർച്ച. അവർ അവനെ കൊന്ന് കുഴിച്ചുമൂടാൻ പോലും മടിക്കില്ല. പിന്നീട് എല്ലാവരും കൂടി കൊലയ്ക്ക്, കൊലചെയ്തിട്ടെന്ത് കിട്ടാനാ മക്കളെ. നിങ്ങൾ ശരിക്കൊന്ന് ആലോചിച്ച് നോക്ക്. നടന്ന സംഭവങ്ങളൊന്നും അവനറിയരുതെന്നുള്ളത് ബാപ്പയുടെ അപേക്ഷയാണ്."

ഞങ്ങൾ ബാപ്പയോടെന്തു പറയാനാ, എന്താ ചെയ്യേണ്ടതെന്ന്  അറിയില്ലായിരുന്നു. അവസാനം വത്സലയെയൊന്നു കാണണമെന്ന് തീരുമാനിച്ചു. അവൾ വീട്ടുതടങ്കലിലായിരുന്നുയെന്ന് കേട്ടിരുന്നു. നിനക്കു വേണ്ടിയെന്തെങ്കിലും ചെയ്തില്ലായെങ്കിൽ മനസ്സിന് സ്വസ്ഥത കിട്ടില്ലായെന്നവസ്ഥയായി. വത്സല, അമ്മയോടപ്പം അമ്പലത്തിൽ പോകുന്നുണ്ടന്നറിഞ്ഞു. ആ വഴി തന്നെയൊന്ന് പരീക്ഷിക്കാമെന്ന് കരുതി. അവളെ കണ്ടെത്തണം, വിവരങ്ങൾ അറിയണം. അതിനായി ഞാനും മാധവനും തയ്യാറെടുത്തു. എന്തും വരട്ടെയെന്ന തീരുമാനമായിരുന്നു. അതിൻ്റെ വരുംവരായകയൊന്നും അപ്പോൾ ആലോചിച്ചില്ല. കണ്ടട്ടെന്തിനാണന്ന് ചിന്തിച്ചതുമില്ല. അമ്പലത്തിലേക്ക് പോകണവഴി കാണാമെന്ന് തീരുമാനിച്ചു. കാണാനുള്ള അവസരവും ലഭിച്ചു. കണ്ടു സംസാരിച്ചു. അവളുടെ അമ്മ കൂടെയുണ്ടായിട്ടും അമ്പലത്തിലെ ആലിൻ ചുവട്ടിൽ വെച്ച് സംസാരിക്കാനുള്ള അവസരം ഉണ്ടായി.

വത്സല പറഞ്ഞു: "അബുവിനെ വിവരമൊന്നും ഇപ്പോൾ അറിയിക്കണ്ട, അബു വന്നാൽ ഇവിടെയുള്ളവർ അവനെ വെച്ചേക്കില്ല, അത്രക്ക് ക്രൂരഹൃദയമാണിവിടെ ഉള്ളവർക്കുള്ളത്." ഒന്നിനും മടിക്കാത്തവരാണ് ഇവിടത്തെ പ്രമാണിമാർ. അബുവിന് അപകടം സംഭവിക്കുന്നതൊന്നും നിങ്ങൾ ചെയ്യരുത്. എൻ്റെ പാസ്പോർട്ട് അച്ഛൻ പിടിച്ചുവെച്ചിരിക്കുകയാണ്. അല്ലെങ്കിൽ ഞാനെങ്ങനെയെങ്കിലും അബുവിൻ്റെ അടുത്ത് എത്തിയേനെ."ഞങ്ങൾ പിന്നെയെന്താ ചെയ്യേണ്ടതെന്ന് ചോദിച്ചു, വത്സലയ്ക്ക് എത്ര നാൾ ഇങ്ങനെ പിടിച്ചു നിൽക്കാനാവും.

"അബുവിനെ എനിക്കിഷ്ടമാണ്. അബുവിനെ മാറ്റി നിർത്തി ഒരു വിവാഹജീവിതം എനിക്കാവില്ലാ. അതിനു വേണ്ടത് സമയമാണ്. അപ്പോളെയ്ക്കും എല്ലാം ശാന്തമാകുമെന്ന് പ്രതീക്ഷിക്കാം. ഏത് പെരുമഴയും ശമിക്കാതിരിന്നിട്ടില്ലല്ലോ, ഈ കൊടുങ്കാറ്റ് അടങ്ങും, അതുവരെ കാത്തിരിക്കണം. ഞാൻ തീർച്ചയായും കാത്തിരിക്കും."

വത്സലയെ വിട്ട് മടങ്ങുമ്പോൾ ഞങ്ങൾ  തീരുമാനിച്ചു, നീ വരുന്നതുവരെ ക്ഷമയോടെയിരിക്കുക. അല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലായിരുന്നു. ഒന്ന് ശാന്തമാകാതെയെങ്ങാനും നീ ഇവിടെയെത്തി, എന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാദി ഞങ്ങളാകും. അതു മാത്രമല്ല, എന്തെങ്കിലും സംഭവിക്കുമെന്നുള്ളത് ഉറപ്പാണ്. അവർ മതഭ്രാന്തന്മാരാണ്. മതവിദ്വേഷം കത്തിച്ചു വിട്ടാൽ പിന്നെ പിടിച്ചാൽ കിട്ടില്ല. അതു കൊണ്ട് തൽക്കാലം ശാന്തമായിരിക്കാൻ തീരുമാനിച്ചു. പ്രശ്നം ഇത്രത്തോളം ഗുരുതരമാകുമെന്ന് കരുതിയില്ല.

അബു ചോദിച്ചു: "പിന്നെയവൾ എങ്ങനെ മരിച്ചു. "

"അതാണ് ഞങ്ങളെ ആശയ കുഴപ്പത്തിലാക്കുന്നത്, അവൾ സ്വയം മരിക്കില്ല, അന്നത്തെ അവളുടെ സംസാരത്തിൽ ദൃഢതയുണ്ടായിരുന്നു. പോലീസ്, തൂങ്ങി മരിച്ചുവെന്ന് റിപ്പോർട്ട് ചെയ്തു. കോടതി ശരിവെയ്ക്കുകയും ചെയ്തു. നാട്ടുകാരുടെ സംശയം മാത്രം ബാക്കി."

--------------തുടരും---------------