നോര്‍ത്ത് അമേരിക്ക മാര്‍ത്തോമ്മാ ഭദ്രാസന സേവികാ സംഘം 22-ാമത് സമ്മേളനത്തിന് തുടക്കമായി

By: 600002 On: Oct 2, 2026, 9:50 AM



പി പി ചെറിയാന്‍

ഫിലഡല്‍ഫിയ: പുതിയ നിയമത്തിന്റെ കാതല്‍ സ്ത്രീകളുടെ മിഷണറി ചൈതന്യത്തില്‍ അധിഷ്ഠിതമാണെന്നും, ചരിത്രത്തിലെ ആദ്യ മിഷണറി ഒരു വനിതയായിരുന്നുവെന്നും ഭദ്രാസനാധിപന്‍ റൈറ്റ് റവ ഡോ. എബ്രഹാം മാര്‍ പൗലോസ് പറഞ്ഞു. മാര്‍ത്തോമ്മാ സുറിയാനി സേവികാ സംഘത്തിന്റെ ഒക്ടോബര് 1 മുതല്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന 22-ാമത് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തിരുമേനി.

കര്‍ത്താവായ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിന് പുലര്‍ച്ചെ സാക്ഷ്യം വഹിക്കാനും ശവകുടീരക്കരയില്‍ ധൈര്യത്തോടെ കാത്തുനില്‍ക്കാനും ഒരു സ്ത്രീ മാത്രമാണ് തയ്യാറായത്. ശിഷ്യന്മാര്‍ പോലും മടങ്ങിപ്പോയപ്പോള്‍ തനിച്ചായിരുന്ന ആ സ്ത്രീയാണ് ലോകത്തിന് പുനരുത്ഥാനത്തിന്റെ ആദ്യ സന്ദേശം നല്‍കിയതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ആദ്യ ഈസ്റ്റര്‍ രാവിലത്തെ ആ കൂടിക്കാഴ്ചയിലൂടെയാണ് ക്രിസ്തീയ മിഷന്‍ ആരംഭിച്ചതെന്നും, അതിന്റെ പ്രഥമ വാഹക സ്ത്രീയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ നൂറ്റാണ്ടിലധികമായി മാര്‍ത്തോമ്മാ സുറിയാനി സേവികാ സംഘം ഈ സന്ദേശം ലോകമെമ്പാടും എത്തിക്കുന്നതില്‍ മാതൃകാപരമായ പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

'ക്രിസ്തുവില്‍ വേരുറച്ചവരും മിഷനിലൂടെ നയിക്കപ്പെടുന്നവരും' (Women rooted in Christ and routed through mission) എന്നതാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ മുഖ്യ പ്രമേയം.

ദൈവനാമ മഹത്വത്തിനായി 22-ാമത് മാര്‍ത്തോമ്മാ സുറിയാനി സേവികാ സംഘം സമ്മേളനം ഔദ്യോഗികമായി ആരംഭിച്ചതായി തിരുമേനി  പ്രഖ്യാപിച്ചു. കുടുംബങ്ങളിലും സമൂഹങ്ങളിലും ഈ സ്‌നേഹത്തിന്റെയും പുനരുത്ഥാനത്തിന്റെയും സന്ദേശം എത്തിക്കാന്‍ എല്ലാ അമ്മമാരും സഹോദരിമാരും തയ്യാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ആതിഥേയ സംഘാടകര്‍ക്കും പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും തിരുമേനി നന്ദി അറിയിച്ചു.

ഫിലാഡല്‍ഫിയ ക്രിസ്‌തോസ് മാര്‍ത്തോമാ ഇടവകയാണ് സേവികാ സംഘം22-ാമത് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.