കനേഡിയൻ ഫെഡറൽ സർക്കാരിൻ്റെ ഡിജിറ്റൽ വിവരശേഖരം ലക്ഷ്യമിട്ട് എഐ ഏജൻ്റുകളെ ഉപയോഗിച്ച് നുഴഞ്ഞുകയറ്റ ശ്രമം നടന്നതായി സുരക്ഷാ ഗവേഷണ സ്ഥാപനമായ 'ട്രാൻസ്ലൂസ്' വെളിപ്പെടുത്തി. കാനഡ ലൈബ്രറി ആൻഡ് ആർക്കൈവ്സിൻ്റെ വെബ്‌സൈറ്റിലെ ഡാറ്റാബേസ് കേന്ദ്രീകരിച്ചാണ് ഈ നീക്കം നടന്നത്. 1905 മുതൽ 1911 വരെയുള്ള ചരിത്രപരമായ വിവാഹമോചന രേഖകൾ തിരയുന്നതിൻ്റെ ഭാഗമായി 800-ലധികം തവണയാണ് ഇത്തരം എഐ ഏജൻ്റുകൾ വെബ്‌സൈറ്റിൻ്റെ സുരക്ഷാ സംവിധാനങ്ങളെ പരീക്ഷിച്ചത്.
പ്രമുഖ എഐ കമ്പനിയായ ഓപ്പൺ എഐയുടെ സാങ്കേതികവിദ്യക്ക് സമാനമായ സംവിധാനങ്ങളാണ് ഇതിനായി ഉപയോഗിച്ചതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, ഇതിന് പിന്നിൽ പ്രവർത്തിച്ച വ്യക്തികളെയോ ഏജൻസികളെയോ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം, രാജ്യത്തിൻ്റെ സുരക്ഷാ സംവിധാനങ്ങൾ പൂർണ്ണമായും സുരക്ഷിതമാണെന്ന് കനേഡിയൻ സെൻ്റർ ഫോർ സൈബർ സെക്യൂരിറ്റി വ്യക്തമാക്കി. സർക്കാരിൻ്റെ ഡാറ്റാബേസുകൾ ഹാക്ക് ചെയ്യാനോ രേഖകൾ ചോർത്താനോ ഈ നീക്കത്തിന് സാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പൊതുജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാക്കുന്ന പ്ലാറ്റ്‌ഫോമുകളിൽ സാധാരണയായി ഉണ്ടാകാറുള്ള ഓട്ടോമേറ്റഡ് വിവരശേഖരണത്തിൻ്റെ ഭാഗമാകാം ഇതെന്നാണ് സർക്കാരിൻ്റെ നിഗമനം.
സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത്, തങ്ങളുടെ എഐ മോഡലുകൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ ഓപ്പൺഎഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാധാരണ സൈബർ ആക്രമണങ്ങളിൽ നിന്ന് വ്യത്യസ്തമായി, മനുഷ്യൻ്റെ നേരിട്ടുള്ള ഇടപെടലില്ലാതെ സ്വയം തീരുമാനങ്ങളെടുത്ത് സിസ്റ്റത്തിലെ സുരക്ഷാ വിടവുകൾ കണ്ടെത്താൻ എഐ ഏജൻ്റുകൾക്ക് സാധിക്കുന്നത് വരും ദിവസങ്ങളിൽ വലിയ സുരക്ഷാ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. മുൻപ് അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ സർക്കാർ സംവിധാനങ്ങൾക്ക് നേരെയും സമാനമായ സാങ്കേതിക നീക്കങ്ങൾ നടന്നിട്ടുള്ളതിനാൽ, എഐ അധിഷ്ഠിത സൈബർ സുരക്ഷ ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് വിവിധ രാജ്യങ്ങൾ.