റോഡരികുകളിലും കൃഷിയിടങ്ങളിലും പൊതു-സ്വകാര്യ ഇടങ്ങളിലും അലക്ഷ്യമായി മാലിന്യം തള്ളുന്നവർക്ക് കടുത്ത പൂട്ടിടാൻ ഒരുങ്ങി ആൽബെർട്ട സർക്കാർ. നിയമവിരുദ്ധമായി മാലിന്യം വലിച്ചെറിയുന്ന പ്രവണത തടയാൻ ശിക്ഷ കർശനമാക്കുന്ന പുതിയ നിയമം ഈ വർഷം തന്നെ കൊണ്ടുവരുമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി.
നാട്ടിലെമ്പാടും മാലിന്യം വലിച്ചെറിയുന്ന ശീലം ആളുകളിൽ കൂടിവരികയാണെന്നും, നിലവിലെ ചെറിയ പിഴകൾ ഇlfvd ഒരു പരിഹാരമാകുന്നില്ലെന്നും ബുധനാഴ്ച നടത്തിയ പ്രഖ്യാപനത്തിൽ അവർ പറഞ്ഞു. മറ്റുള്ളവർ തള്ളുന്ന മാലിന്യം നീക്കം ചെയ്യാൻ ഓരോ വർഷവും മുനിസിപ്പാലിറ്റികൾക്ക് ലക്ഷക്കണക്കിന് ഡോളറാണ് ചെലവാകുന്നത്. ഒടുവിൽ ഇതിൻ്റെ സാമ്പത്തിക ഭാരം വന്നുചേരുന്നത് സാധാരണ നികുതിദായകരുടെ തലയിലാണെന്നും, മറ്റൊരാളുടെ സ്വകാര്യ ഭൂമിയിലോ കൃഷിയിടത്തിലോ അതിക്രമിച്ച് കയറി മാലിന്യം തള്ളുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും സ്മിത്ത് ചൂണ്ടിക്കാട്ടി.
പുതിയ നിയമം നിലവിൽ വന്നാൽ വ്യക്തികൾക്ക് ഒരു ലക്ഷം ഡോളർ വരെയും കമ്പനികൾക്ക് 10 ലക്ഷം ഡോളർ വരെയും പിഴ ചുമത്താൻ വ്യവസ്ഥയുണ്ടാകും. നിലവിലുള്ള പരമാവധി പിഴത്തുകയുടെ ഇരട്ടിയാണിത്. അതീവ ഗുരുതരമായ സാഹചര്യങ്ങളിൽ ആറ് മാസം വരെ തടവുശിക്ഷ വിധിക്കാനും കോടതികൾക്ക് അധികാരമുണ്ടാകും. കാൽഗറിയിൽ മാത്രം കഴിഞ്ഞ വർഷം മുനിസിപ്പൽ സ്ഥലങ്ങളിലെ മാലിന്യനിക്ഷേപത്തിനെതിരെ 30,000 പരാതികൾ വന്നിട്ടും വെറും 165 ടിക്കറ്റുകളും മൂന്ന് പിഴകളും മാത്രമാണ് ചുമത്തിയത്. എഡ്മൻ്റണിൽ അഞ്ച് വർഷത്തിനിടെ സ്വകാര്യ സ്ഥലങ്ങളിൽ മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് 600-ലധികം പരാതികൾ ലഭിച്ചെങ്കിലും 240 ടിക്കറ്റുകൾ മാത്രമാണ് നൽകിയത്. ഇത് വ്യക്തമാക്കുന്നത് കാര്യങ്ങൾ കൃത്യമായി നടക്കുന്നില്ല എന്നാണെന്നും, അതുകൊണ്ട് തന്നെ ഇനി സർക്കാർ ഈ കണക്കുകൾ അതീവ ജാഗ്രതയോടെ നിരീക്ഷിക്കുമെന്നും പ്രീമിയർ വ്യക്തമാക്കി.
പീസ് ഓഫീസർമാരുടെ മുൻഗണനാ വിഷയങ്ങളിലൊന്നായി ഇതിനെ മാറ്റിയിട്ടുണ്ടെന്ന് പബ്ലിക് സേഫ്റ്റി മന്ത്രി മൈക്ക് എല്ലിസ് അറിയിച്ചു. റഫറണ്ടത്തെ തുടർന്ന് ഒക്ടോബർ 27-ന് നിയമസഭ വീണ്ടും സമ്മേളിക്കുമ്പോൾ ഈ നിയമനിർമ്മാണം സഭയുടെ പരിഗണനയ്ക്ക് എത്തും.