കാനഡയുടെ പടിഞ്ഞാറൻ തീരത്തേക്ക് പുതിയ ക്രൂഡ് ഓയിൽ പൈപ്പ്‌ലൈൻ നിർമ്മിക്കാനുള്ള ‘പസഫിക് ലിങ്ക്’ പദ്ധതിയെ ‘ദേശീയ താൽപ്പര്യമുള്ള പദ്ധതി’യായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക് കാർണി. ഇതോടെ നിർമ്മാണത്തിനായുള്ള ആദ്യഘട്ട അനുമതികൾക്ക് വഴിതുറന്നു. ഏഷ്യൻ രാജ്യങ്ങളിലേക്ക് പ്രതിദിനം 10 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആൽബെർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തിനൊപ്പം ഫോർട്ട് മക്മുറെയിൽ വെച്ചാണ് പ്രധാനമന്ത്രി മാർക്ക് കാർണി ഈ പ്രഖ്യാപനം നടത്തിയത്. ലോകമെമ്പാടും രൂക്ഷമാകുന്ന ഊർജ്ജ പ്രതിസന്ധിയും സുരക്ഷാ വെല്ലുവിളികളും കണക്കിലെടുത്താണ് ഇത്തരമൊരു സുപ്രധാന തീരുമാനത്തിലേക്ക് എത്തിയതെന്ന് കാർണി വ്യക്തമാക്കി. ആൽബെർട്ടയിലെ ബ്രൂഡർഹൈമിൽ തുടങ്ങി ബ്രിട്ടീഷ് കൊളംബിയയിലെ ഡെൽറ്റ തുറമുഖം വരെ ഏകദേശം 1,250 കിലോമീറ്റർ നീളത്തിലാണ് പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നത്. ഇവിടെ എത്തിക്കുന്ന എണ്ണ വലിയ കപ്പലുകൾ വഴി ഏഷ്യൻ വിപണികളിലേക്ക് കൊണ്ടുപോകും. ട്രാൻസ് മൗണ്ടൻ കോർപ്പറേഷൻ (TMC), ആൽബെർട്ട പെട്രോളിയം മാർക്കറ്റിംഗ് കമ്മീഷൻ (APMC), പെംബിന പൈപ്പ്‌ലൈൻ കോർപ്പറേഷൻ എന്നിവ ചേർന്നാണ് സംയുക്തമായി ഈ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ കുറഞ്ഞത് 10 ശതമാനം ഓഹരി പങ്കാളിത്തം തദ്ദേശീയ വിഭാഗങ്ങൾക്ക് ഉറപ്പാക്കും.
പദ്ധതിക്ക് വേഗത്തിൽ അനുമതി ലഭ്യമാക്കാൻ സർക്കാർ രൂപീകരിച്ച ‘മേജർ പ്രോജക്ട്സ് ഓഫീസിന്’ (MPO) കീഴിലാണ് ഇതിൻ്റെ നടപടികൾ വരുന്നത്. പദ്ധതിക്കാവശ്യമായ വ്യവസ്ഥകൾ 2027 സെപ്റ്റംബർ ഒന്നിനകം എം.പി.ഒ. സമർപ്പിക്കും. ഇതിന് പുറമെ കാനഡ എനർജി റെഗുലേറ്ററുടെ നേതൃത്വത്തിൽ പൊതുജനങ്ങളുടെ അഭിപ്രായശേഖരണവും നടക്കും.
നിലവിൽ ആൽബെർട്ടയിൽ ഉത്പാദിപ്പിക്കുന്ന എണ്ണയുടെ 90 ശതമാനവും അമേരിക്കയിലേക്കാണ് കയറ്റി അയക്കുന്നത്. പുതിയ പൈപ്പ്‌ലൈൻ പ്രവർത്തനക്ഷമമാകുന്നതോടെ യു.എസിനെ മാത്രമായി ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കാനും അതിവേഗം വളരുന്ന ഏഷ്യൻ വിപണിയിലേക്ക് നേരിട്ട് എണ്ണ എത്തിക്കാനും സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാനഡയുടെ മൊത്തം എണ്ണ കയറ്റുമതിയിൽ 20 ശതമാനം വർധനവ് ഉണ്ടാക്കാൻ ഈ പദ്ധതിക്ക് കഴിയുമെന്നാണ് ടി.ഡി ഇക്കണോമിക്‌സിൻ്റെ വിലയിരുത്തൽ.
അതേസമയം പദ്ധതിക്കെതിരെ രൂക്ഷമായ വിമർശനവുമായി എൻ.ഡി.പി നേതാവ് അവി ലൂയിസ് രംഗത്തെത്തി. കാലാവസ്ഥാ വ്യതിയാനം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തിൽ കോടികളുടെ പൊതുപണം മുടക്കി എണ്ണ പൈപ്പ്‌ലൈൻ നിർമ്മിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇത് ഒരു തരത്തിലും രാജ്യതാൽപ്പര്യത്തിന് അനുയോജ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പദ്ധതിയെ സ്വാഗതം ചെയ്ത കൺസർവേറ്റീവ് പാർട്ടി, നിർമ്മാണ നടപടികൾ വേഗത്തിലാക്കാൻ സർക്കാർ അനാവശ്യമായി വൈകുകയാണെന്ന് ആരോപിച്ചു.