കാനഡയിൽ നിന്ന് വേർപിരിഞ്ഞാൽ ആൽബെർട്ടയിൽ 13% വിൽപ്പന നികുതി ഏർപ്പെടുത്തേണ്ടിവരുമെന്ന് റിപ്പോർട്ട്

By: 600110 On: Oct 1, 2026, 1:47 PM

 

കാനഡയിൽ നിന്ന് വേർപിരിഞ്ഞ് സ്വതന്ത്ര രാജ്യമായാൽ നിലവിലെ പൊതുസേവനങ്ങൾ തടസ്സമില്ലാതെ തുടരുന്നതിന് അൽബെർട്ട പ്രവിശ്യയിൽ 13 ശതമാനം വരെ സെയിൽ ടാക്സ്  ഏർപ്പെടുത്തേണ്ടിവരുമെന്ന് റിപ്പോർട്ട്. കാൽഗറി ചേംബർ ഓഫ് കൊമേഴ്‌സിന്റെ ആവശ്യപ്രകാരം സാമ്പത്തിക വിദഗ്ദ്ധനായ ട്രെവർ ടോംബെ തയ്യാറാക്കിയ പഠന റിപ്പോർട്ടിലാണ് ഈ മുന്നറിയിപ്പുള്ളത്. ഒക്ടോബർ 19-ന് നടക്കാനിരിക്കുന്ന റഫറണ്ടത്തിന് മുന്നോടിയായാണ് പ്രവിശ്യയുടെ വേർപിരിയൽ ഉണ്ടാക്കിയേക്കാവുന്ന സാമ്പത്തിക ആഘാതങ്ങളെക്കുറിച്ച് ചേംബർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഫെഡറൽ സർക്കാർ നിലവിൽ നൽകിവരുന്ന വിവിധ സേവനങ്ങളുടെയും ആനുകൂല്യങ്ങളുടെയും ഉത്തരവാദിത്തം പ്രവിശ്യാ സർക്കാർ ഏറ്റെടുക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയാണ് ഇതിന് പ്രധാന കാരണം. വേർപിരിയലിലൂടെ പ്രവിശ്യയുടെ വരുമാനത്തിൽ ഏകദേശം 900 കോടി ഡോളറിൻ്റെ  ഭീമമായ കമ്മി ഉണ്ടാകുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ കമ്മി നികത്താനും സാമ്പത്തിക സ്ഥിരത നിലനിർത്താനും പുതിയ നികുതികൾ ചുമത്തുകയല്ലാതെ മറ്റ് വഴികളുണ്ടാകില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

വേർപിരിയൽ പ്രവിശ്യയുടെ സാമ്പത്തിക രംഗത്തെയും തൊഴിലവസരങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന് ബിസിനസ്സ് പ്രമുഖരും മുന്നറിയിപ്പ് നൽകുന്നു. 'അൽബെർട്ട അഡ്വാന്റേജ്' എന്നറിയപ്പെടുന്ന സാമ്പത്തിക മികവ് നഷ്ടപ്പെടാനും നിക്ഷേപങ്ങൾ കുറയാനും ഇത് കാരണമാകുമെന്ന് കാൽഗറി ചേംബർ ചൂണ്ടിക്കാണിച്ചു. അതേസമയം, ഈ കണക്കുകൾ കേവലം നിഗമനങ്ങൾ മാത്രമാണെന്നും വേർപിരിയൽ വഴി ആഭ്യന്തര നയങ്ങളിൽ പൂർണ്ണ നിയന്ത്രണം നേടാൻ അൽബെർട്ടയ്ക്ക് സാധിക്കുമെന്നും അനുകൂലിക്കുന്ന വിഭാഗങ്ങൾ വാദിക്കുന്നു.