ഹാൾട്ടൻ മേഖലയിൽ വനപാതകൾക്ക് സമീപമുള്ള വീടുകളിൽ കവർച്ച വർദ്ധിക്കുന്നു; പോലീസ് ജാഗ്രതാ നിർദ്ദേശം നൽകി

By: 600110 On: Oct 1, 2026, 1:37 PM

 ഹാൾട്ടൻ പ്രവിശ്യയിലെ പാർക്കുകൾക്കും കാട്ടുപാതകൾക്കും സമീപമുള്ള വീടുകൾ കേന്ദ്രീകരിച്ച് കവർച്ചകൾ  വർദ്ധിച്ചുവരുന്നതായി ഹാൾട്ടൻ റീജിയണൽ പോലീസ് സർവീസ്. വൈകുന്നേരം 5:00 നും രാത്രി 10:00 നും ഇടയിലുള്ള സമയങ്ങളിലാണ് കുറ്റകൃത്യങ്ങൾ അധികവും നടക്കുന്നത്. ശരത്കാലത്തോടനുബന്ധിച്ച് പകൽവെളിച്ചത്തിന്റെ ദൈർഘ്യം കുറയുന്നത് മുതലാക്കിയാണ്  കവർച്ചാ സംഘങ്ങൾ ഇത്തരം പ്രദേശങ്ങളിൽ തങ്ങളുടെ നീക്കങ്ങൾ ശക്തമാക്കുന്നത്.

പരിസരങ്ങളിൽ ആവശ്യത്തിന് വെളിച്ചമില്ലാത്തപ്പോഴും ഉടമസ്ഥർ വീട്ടിലില്ലാത്തപ്പോഴുമാണ്  കുറ്റവാളികൾ പ്രധാനമായും ലക്ഷ്യമിടുന്നത്. മുൻകൂട്ടി നിരീക്ഷണം നടത്തിയ ശേഷം വീടുകളുടെ പിൻഭാഗത്തെ ജനലുകളോ വാതിലുകളോ തകർത്താണ് ഇവർ അകത്തുകടക്കുന്നത്. തുടര്‍ന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ പണം, ആഭരണങ്ങൾ, ആഡംബര വസ്തുക്കൾ, സുപ്രധാന രേഖകൾ എന്നിവ കവർച്ച ചെയ്തു ഇവർ തന്ത്രപൂർവ്വം രക്ഷപ്പെടുന്നു.

കറുത്ത വസ്ത്രങ്ങളും മുഖംമൂടിയും ധരിച്ചെത്തുന്ന കുറ്റവാളികൾ, കവർച്ചയ്ക്ക് ശേഷം സമീപത്തെ കാട്ടുപാതകളിലൂടെ ഓടി രക്ഷപ്പെടുകയും കാൽനടയാത്രക്കാരുടെ കൂട്ടത്തിൽ ലയിച്ചുചേരുകയുമാണ് ചെയ്യുന്നത്. പൊതുജനങ്ങൾ വീടുകളിൽ മികച്ച വെളിച്ചവും സിസിടിവി ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. സംശയാസ്പദമായ സാഹചര്യങ്ങളോ വ്യക്തികളെയോ ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തരമായി പോലീസിലെയോ ക്രൈം സ്റ്റോപ്പേഴ്സിലെയോ വിവരമറിയിക്കണമെന്നും ഹാൾട്ടൻ പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.