ദുബായില്‍ നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ളൈ ദുബായ് വിമാനത്തില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണം തടയുന്നതിനിടെ ഗുരുതരമായി പരുക്കേറ്റ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ വിദഗ്ധ ചികിത്സയ്ക്കായി സൗദി അറേബ്യയില്‍ നിന്ന് യുഎഇയിലേക്ക് മാറ്റി. സൗദിയിലെ ഒരു സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന അദ്ദേഹത്തെ ദുബായിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നു. ഇവിടെ അദ്ദേഹത്തിന് തുടര്‍ച്ചികിത്സ നല്‍കും.
വിമാനം ഇസ്രയേലിലേക്ക് പറന്നുകൊണ്ടിരിക്കെയാണ് ഒമാന്‍ പൗരനായ സഹപൈലറ്റ് ക്യാപ്റ്റനായ മുംബൈ സ്വദേശി സ്മിത് മച്ചാറിനെ കുത്തിപ്പരുക്കേല്‍പ്പിച്ചത്. തുടര്‍ന്ന് കോക്പിറ്റിലെ നിയന്ത്രണ സംവിധാനങ്ങള്‍ തടസ്സപ്പെടുത്താന്‍ അക്രമി ശ്രമിച്ചതോടെ വിമാനം പെട്ടെന്ന് താഴേക്ക് പതിച്ചു. 29 സെക്കന്‍ഡിനുള്ളില്‍ വിമാനം 14,000 അടിയോളം താഴേക്ക് പതിച്ചതായും രണ്ട് മിനിറ്റിനുള്ളില്‍ 17,000 അടി താഴ്ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.