പി പി ചെറിയാന്‍
ഇല്ലിനോയ്: ഇല്ലിനോയിയില്‍ ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് യുവതിയും രണ്ട് വയസ്സുള്ള മകനും കൊല്ലപ്പെട്ടു. ജെറമിയ ഡങ്കന്‍ എന്നയാളാണ് ഈ ക്രൂരകൃത്യം നടത്തിയത്.
20 കാരിയായ ഹെവന്‍ ജെ. വുഡ് എന്ന യുവതിയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം, ഇവരുടെ രണ്ട് വയസ്സുള്ള മകന്‍ കെ.ജെ. ഡങ്കന്‍ വുഡിനെ കാറിനുള്ളിലിട്ട് കത്തിക്കുകയായിരുന്നു. സെപ്റ്റംബര്‍ 25 വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ പോലീസും അഗ്‌നിശമന സേനയും കാറിലെ തീ അണച്ചെങ്കിലും കുട്ടി വെന്തുമരിച്ചിരുന്നു.
വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഹെവന്‍ ജെ. വുഡിന്റെ മൃതദേഹം കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ പ്രതി ജെറമിയ ഡങ്കനെ പോലീസ് പിന്നീട് പിടികൂടി. തീപിടുത്തത്തിനിടയില്‍ പൊള്ളലേറ്റ പ്രതി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.