എഐ ഉപയോഗിച്ച് ഉണ്ടാക്കിയ വ്യാജ വിധിന്യായങ്ങളും തെറ്റായ വാദങ്ങളും ഉൾപ്പെടുത്തിയതിനെ തുടർന്ന് അഭയാർത്ഥി അപേക്ഷക്കാരുടെ അപ്പീൽ ഹർജി കാനഡ ഫെഡറൽ കോടതി തള്ളി. മൂന്നംഗ കുടുംബത്തിൻ്റെ അഭയാർത്ഥി അപേക്ഷ നിരസിച്ച ഇമിഗ്രേഷൻ ആൻഡ് റീഫ്യൂജി ബോർഡിൻ്റെ തീരുമാനത്തിനെതിരെ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് റോജർ ലാഫ്രെനിയർ തള്ളിയത്.
കോടതിയിൽ നൽകിയ അപ്പീലിൽ അഞ്ച് മുൻകാല വിധികൾ തെളിവായി ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ ഈ വിധികൾ നിലവിലില്ലെന്ന് കോടതി കണ്ടെത്തി. എഐ നിർമ്മിച്ചു നൽകിയ വിവരങ്ങൾ അതേപടി ഉപയോഗിച്ചതാണ് ഈ അബദ്ധത്തിന് കാരണമെന്ന് കോടതി വിലയിരുത്തി. വ്യാജ കേസ് വിവരങ്ങൾ നൽകുന്നത് കോടതിയെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും, ഇത്തരം അശ്രദ്ധമായ എഐ ഉപയോഗം നീതിന്യായ വ്യവസ്ഥയുടെ സുതാര്യത തകർക്കുമെന്നും ജസ്റ്റിസ് മുന്നറിയിപ്പ് നൽകി.
ടൊറൻ്റോയിലെ ഒഡബ്ല്യുഎസ് (OWS) ലോയിലെ അഭിഭാഷകനായ വാഷിം അഹമ്മദാണ് ഹർജിക്കാർക്ക് വേണ്ടി ഹാജരായത്. സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ അദ്ദേഹം, എഐ ഉപയോഗിച്ച് തയ്യാറാക്കിയ പഴയൊരു കരട് പകർപ്പ് തെറ്റായി ഫയൽ ചെയ്യപ്പെടുകയായിരുന്നുവെന്ന് വിശദീകരിച്ചു. തെറ്റുകൾ തിരുത്തിയ പുതിയ അപ്പീൽ സ്വീകരിക്കണമെന്ന് കോടതിയോട് അപേക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ അപ്പീൽ വൈകി സമർപ്പിച്ചത് കോടതി അംഗീകരിച്ചിരുന്നെങ്കിൽ പോലും ഹർജിക്കാർക്ക് ആനുകൂല്യം ലഭിക്കില്ലായിരുന്നു. വ്യാജ രേഖകൾ ചമച്ചാണ് അഭയാർത്ഥിത്വം നേടാൻ കുടുംബം ശ്രമിച്ചതെന്ന് ഇമിഗ്രേഷൻ ബോർഡ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.