പി പി ചെറിയാന്‍
വിസ്‌കോണ്‍സിന്‍: വിസ്‌കോണ്‍സിന്‍ മസ്ജിദ് നേതാവും പലസ്തീന്‍ അനുകൂല പ്രവര്‍ത്തകനുമായ സലാഹ് സര്‍ഷൂരിനെ നാടുകടത്താന്‍ യു.എസ് ഇമിഗ്രേഷന്‍ കോടതി ഉത്തരവിട്ടു. മൂന്ന് പതിറ്റാണ്ടിലേറെയായി അമേരിക്കയില്‍ താമസിക്കുന്ന അദ്ദേഹത്തെ നാടുകടത്താനുള്ള ഉത്തരവ് അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് സര്‍ഷൂരിന്റെ അഭിഭാഷകര്‍ വ്യക്തമാക്കി.
പലസ്തീന്‍ അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്നവരെ ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടം ഉപയോഗിക്കുന്ന വിവാദ നിയമപ്രകാരമാണ് നടപടി. യു.എസ് വിദേശനയത്തിന് എതിരാണ് സര്‍ഷൂരിന്റെ പ്രവര്‍ത്തനങ്ങള്‍ എന്ന് ചൂണ്ടിക്കാട്ടി സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ നല്‍കിയ മെമ്മോയാണ് കോടതി വിധിക്കടിസ്ഥാനം.
വിധി സ്വാതന്ത്യ നിഷേധമാണെന്നും, സര്‍ഷൂരിനെതിരെ തെറ്റായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്നും അഭിഭാഷകര്‍ പ്രതികരിച്ചു. ഗ്രീന്‍ കാര്‍ഡ് റദ്ദാക്കാനുള്ള തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്നും അവര്‍ അറിയിച്ചു.
തുടര്‍നടപടികള്‍: വിധി ഉടന്‍ നടപ്പിലാകില്ല. പീഡനം നേരിടേണ്ടി വരുമെന്ന വാദമുയര്‍ത്തി അടുത്ത 60 ദിവസത്തിനകം അപ്പീല്‍ നല്‍കാന്‍ സര്‍ഷൂരിന്റെ നിയമസംഘത്തിന് അനുവാദമുണ്ട്. അപ്പീല്‍ തീരുന്നത് വരെ അദ്ദേഹം യു.എസില്‍ തുടരും.