സൗഹൃദം നടിച്ച് ആഭരണങ്ങൾ കവരുന്ന സംഘം സജീവം: ജാഗ്രതാ നിർദ്ദേശവുമായി പീൽ റീജിയണൽ പോലീസ്

By: 600110 On: Oct 1, 2026, 9:04 AM

ജനങ്ങളുടെ ശ്രദ്ധ തിരിച്ച് ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കവരുന്ന സംഭവങ്ങൾ പീൽ റീജിയണൽ മേഖലയിൽ വ്യാപകമാകുന്നതായി പോലീസ് മുന്നറിയിപ്പ് നൽകി. അടുത്തിടെ നടന്ന ഒരക്രമത്തിൽ യുവതിക്ക് 19,000 ഡോളർ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി പോലീസ് അറിയിച്ചു.

ജൂലൈ 28-ന് വൈകുന്നേരം ആറുമണിയോടെ ചിംഗുവാകൂസി റോഡിനും സാന്റൽവുഡ് പാർക്ക്‌വേ വെസ്റ്റിനും സമീപത്തുകൂടി നടന്നുപോകുകയായിരുന്ന യുവതിയെ ഒരു വെളുത്ത എസ്‌യുവിയിൽ എത്തിയ രണ്ട് സ്ത്രീകൾ തടഞ്ഞുനിർത്തുകയായിരുന്നു. വാഹനത്തിൽ നിന്നിറങ്ങിയ ഒരു സ്ത്രീ ഇരയായ യുവതിയുടെ പാദങ്ങളിൽ തൊട്ട് വന്ദിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. ഈ സമയം കൊണ്ട് യുവതിയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണ്ണമാല മാറ്റി പകരം ഒരു സാധാരണ ലോഹമാല അണിയിക്കുകയും, കയ്യിലുണ്ടായിരുന്ന മൂന്ന് സ്വർണ്ണ വളകൾ ഊരിയെടുക്കുകയുമായിരുന്നു.

ഈ വർഷം ഓഗസ്റ്റ് 12 വരെയുള്ള കണക്കുകൾ പ്രകാരം ഇത്തരം  മോഷണവുമായി ബന്ധപ്പെട്ട് 266 പരാതികളാണ് പീൽ പോലീസിന് ലഭിച്ചത്. 2024-ൽ 25 കേസുകളും 2025-ൽ 222 കേസുകളും മാത്രം റിപ്പോർട്ട് ചെയ്ത സ്ഥാനത്താണിത്. ഒൻ്റാരിയോയുടെ മറ്റ് ഭാഗങ്ങളിൽ നടക്കുന്ന സമാന സംഭവങ്ങളുമായി ഇതിന് ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. 

വളരെ സൗഹൃദത്തോടെ പെരുമാറി ആൾക്കാരുടെ വിശ്വാസം നേടിയെടുത്താണ് നിമിഷങ്ങൾക്കുള്ളിൽ ഇത്തരക്കാർ മോഷണം നടത്തുന്നത്. അപരിചിതർ അനാവശ്യമായി അടുക്കാൻ ശ്രമിച്ചാൽ മാറിനിൽക്കണമെന്നും, എന്തെങ്കിലും സംശയം തോന്നിയാൽ സ്വന്തം സാധനങ്ങൾ സുരക്ഷിതമാക്കി അവിടെനിന്ന് നടന്നു നീങ്ങണമെന്നും പോലീസ് ഡെപ്യൂട്ടി ചീഫ് മാർക്ക് ആൻഡ്രൂസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.