മെറ്റയുടെ പുതിയ ‘മ്യൂസ്’ എഐ ഏജൻ്റും ഉയരുന്ന സ്വകാര്യതാ ആശങ്കകളും

By: 600110 On: Oct 1, 2026, 8:58 AM

 

 

മെറ്റ പുറത്തിറക്കിയ പുതിയ എഐ ഏജൻ്റായ മ്യൂസുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകൾ ചർച്ചയാവുകയാണ്.  ആപ്പിളിൻ്റെ ആപ്പ് സ്റ്റോറിൽ ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് ഒന്നാമതെത്തിയ ഈ ആപ്പ്, സാധാരണ എഐ ചാറ്റ്ബോട്ടുകളിൽ നിന്ന് വ്യത്യസ്തമായി ഉപയോക്താക്കൾക്ക് വേണ്ടി നേരിട്ട് കാര്യങ്ങൾ ചെയ്തുതീർക്കുന്നതാണ്. എന്നാൽ, ഇതിനായി ക്രെഡിറ്റ് കാർഡ് വിവരങ്ങളും ഇമെയിൽ അക്കൗണ്ടുകളിലേക്കുള്ള പൂർണ്ണ പ്രവേശനവും ആവശ്യപ്പെടുന്നത് വലിയ രീതിയിലുള്ള സ്വകാര്യതാ ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ്.

എന്താണ് ‘ഏജൻ്റിക്’ എഐ?

വ്യക്തികളുടെ നിരന്തരമായ നിർദ്ദേശങ്ങൾക്ക് കാത്തുനിൽക്കാതെ, സ്വന്തമായി തീരുമാനങ്ങളെടുത്ത് പ്രവർത്തിക്കുന്ന സാങ്കേതികവിദ്യയാണ് 'ഏജന്റിക്' (Agentic) എഐ. ടിക്കറ്റുകൾ ബുക്ക് ചെയ്യാനും സബ്സ്ക്രിപ്ഷനുകൾ റദ്ദാക്കാനും മറ്റ് സേനങ്ങൾക്കുമായി ഉപയോക്താക്കളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ഇമെയിൽ, ഫോൺ എന്നിവയിലേക്ക് ഇവ പ്രവേശനം ആവശ്യപ്പെടുന്നു. ഒരു തവണ അനുമതി നൽകിയാൽ, നിമിഷങ്ങൾക്കുള്ളിൽ ഇമെയിലിലെ പഴയ വിവരങ്ങളും മുൻകാല ക്രെഡിറ്റ് കാർഡ് ഇടപാടുകളും ഈ എഐ വായിച്ചെടുക്കും. പിന്നീട് അനുമതി റദ്ദാക്കിയാലും എഐ ഇതിനകം ശേഖരിച്ച ഡാറ്റ കമ്പനിയുടെ പക്കൽ തന്നെ ഉണ്ടാകും. ഒരാൾ തൻ്റെ ഇമെയിലിലേക്ക് പ്രവേശനം നൽകുമ്പോൾ, അയാളുമായി ആശയവിനിമയം നടത്തുന്ന മറ്റു വ്യക്തികളുടെ വിവരങ്ങളും ചോരാൻ സാധ്യതയുണ്ട്.

ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസ് ഉപയോഗിച്ച ഒരു ഉപയോക്താവിൻ്റെ വീട്ടു വിലാസം അനുമതിയില്ലാതെ മ്യൂസ് പുറത്തുവിട്ടത് വലിയ വിവാദമായിരുന്നു. ഇതിനെ തുടർന്ന് സാങ്കേതിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ ഈ സാങ്കേതികവിദ്യ "അപകടകരവും ഭയപ്പെടുത്തുന്നതുമാണ്" എന്ന വിമർശനവുമായി രംഗത്തെത്തിയിരുന്നു. തങ്ങളുടെ സേവന നിബന്ധനകൾ ലംഘിച്ചുവെന്ന് വ്യക്തമാക്കി ആമസോൺ മ്യൂസിനെ പ്ലാറ്റ്‌ഫോമിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്.

എഐ ടൂളുകളിൽ യഥാർത്ഥ പേരോ വ്യക്തിഗത വിവരങ്ങളോ നൽകാതിരിക്കാൻ കാനഡയിലെ പ്രൈവസി കമ്മീഷണർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രധാനമായും കുട്ടികളുടെ ചിത്രങ്ങളോ മറ്റ് വ്യക്തിഗത വിവരങ്ങളോ ഇത്തരം സംവിധാനങ്ങളുമായി പങ്കുവെക്കരുതെന്നും നിർദ്ദേശമുണ്ട്. ഉപയോക്താക്കളുടെ വ്യക്തിഗത ഡാറ്റ സുരക്ഷിതമാക്കാൻ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ് മെറ്റയുടെ വിശദീകരണം. ഷോപ്പിംഗ് നടത്തുമ്പോൾ ഉപയോക്താവിൻ്റെ നേരിട്ടുള്ള അനുമതിയോടെ മാത്രമേ പേയ്‌മെന്റുകൾ പൂർത്തിയാക്കൂ എന്നും, കാർഡ് വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ പ്രത്യേക ഡിജിറ്റൽ വാലറ്റുകൾ തയ്യാറാക്കിയിട്ടുണ്ടെന്നും മെറ്റ വ്യക്തമാക്കി.