കാൽഗറിയിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ ട്രാഫിക് സിഗ്നൽ പരിഷ്കാരം

By: 600110 On: Sep 30, 2026, 1:00 PM

 

കാൽഗറി നഗരത്തിലെ റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി കാൽനടയാത്രക്കാർക്ക് മുൻഗണന നൽകുന്ന അത്യാധുനിക ട്രാഫിക് സിഗ്നൽ സംവിധാനമായ 'ലീഡിങ് പെഡസ്ട്രിയൻ ഇന്റർവെൽ'  കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. വാഹനങ്ങൾക്ക് പച്ച വെളിച്ചം തെളിയുന്നതിന് മൂന്ന് മുതൽ ഏഴ് സെക്കൻഡ് മുൻപ് കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനുള്ള സിഗ്നൽ നൽകുന്നതാണ് ഈ രീതി.  ഡ്രൈവർമാർക്ക് കാൽനടയാത്രക്കാരെ കൂടുതൽ വ്യക്തമായി കാണാനും അപകടസാധ്യത ഒഴിവാക്കാനും ഇത് വഴി സാധിക്കും.

നഗരത്തിലെ പ്രധാന ജങ്ഷനുകളിൽ കാൽനടയാത്രക്കാർക്ക് നേരെയുണ്ടാകുന്ന അപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഗതാഗത സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കണമെന്ന് പ്രദേശവാസികൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇടത്തോോട്ടോ വലത്തോോട്ടോ തിരിയുന്ന വാഹനങ്ങൾ കാൽനടയാത്രക്കാരുടെ പാതയിലേക്ക് കടന്നുകയറുന്നത് കാരണം സംഭവിക്കുന്ന അപകടങ്ങൾ തടയാൻ ഇതിലൂടെ സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ഘട്ടംഘട്ടമായി കൂടുതൽ തിരക്കേറിയ ജംഗ്ഷനുകളിലേക്ക് ഈ സംവിധാനം നടപ്പിലാക്കാനാണ് കാൽഗറി ഗതാഗത വകുപ്പിൻ്റെ തീരുമാനം. നഗരസഭയുടെ  'വിഷൻ സീറോ'  ലക്ഷ്യമിടുന്ന അപകടരഹിത റോഡ് ശൃംഖല എന്ന ആശയത്തിന് ഈ പുതിയ ഗതാഗത പരിഷ്കാരം കൂടുതൽ കരുത്ത് പകരുമെന്ന് അധികൃതർ വ്യക്തമാക്കി.