കാനഡയിലെ കുടിയേറ്റ സംവിധാനം പൂർണ്ണമായും സർക്കാറിന്റെ നിയന്ത്രണത്തിലായെന്നും, രാജ്യത്തെ ജനസംഖ്യയിൽ ഇനി എപ്പോൾ മുതൽ "നിയന്ത്രിത വർദ്ധനവ്" വരുത്തണമെന്നാണ് സർക്കാർ പരിശോധിക്കുന്നതെന്നും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി . പ്രമുഖ അമേരിക്കൻ മാധ്യമമായ 'ന്യൂയോർക്ക് ടൈംസിന്' നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി സർക്കാറിന്റെ ഭാവി നയം വെളിപ്പെടുത്തിയത്. അടുത്ത മൂന്ന് വർഷത്തേക്കുള്ള കുടിയേറ്റ നയരേഖ കാനഡ സർക്കാർ പാർലമെന്റിൽ സമർപ്പിക്കാൻ ഏതാനും ആഴ്ചകൾ മാത്രം ബാക്കിനിൽക്കെയാണ് പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
കോവിഡിന് ശേഷം രാജ്യത്തുണ്ടായ അനിയന്ത്രിതമായ ജനസംഖ്യാ വർദ്ധനവും ഭവന-ആരോഗ്യ മേഖലകളിലെ കടുത്ത പ്രതിസന്ധിയും പരിഗണിച്ച്, കഴിഞ്ഞ കുറച്ചുകാലങ്ങളായി താൽക്കാലിക തൊഴിലാളികളുടെയും അന്താരാഷ്ട്ര വിദ്യാർത്ഥികളുടെയും വരവ് വെട്ടിച്ചുരുക്കുന്ന നയമാണ് കാനഡ സ്വീകരിച്ചിരുന്നത്. വിദ്യാർത്ഥികളുടെയും താൽക്കാലിക ജീവനക്കാരുടെയും അനുപാതം മൊത്തം ജനസംഖ്യയുടെ 7 ശതമാനത്തിൽ നിന്ന് 5 ശതമാനത്തിലേക്ക് താഴെയാക്കുക എന്നതായിരുന്നു സർക്കാറിന്റെ ലക്ഷ്യം. നിലവിലെ നിയന്ത്രണങ്ങളിലൂടെ കുടിയേറ്റ പ്രക്രിയ ത്വരിതപ്പെടുത്താൻ സാധിച്ചതിനാലാണ് ഇനി ജനസംഖ്യാ വർദ്ധനവിന് വഴിയൊരുക്കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കുന്നതെന്ന് കാർണി പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രിയുടെ പുതിയ നിലപാടിനെതിരെ ശക്തമായ വിമർശനവും ഉയരുന്നുണ്ട്. വരും വർഷങ്ങളിലും കാനഡയിലേക്കുള്ള കുടിയേറ്റ നിരക്ക് ഇനിയും കുറയ്ക്കണമെന്നാണ് സി.ഡി. ഹൗ ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെയുള്ള സാമ്പത്തിക വിദഗ്ധരുടെ ഉപദേശകസമിതി സർക്കാറിനോട് ശുപാർശ ചെയ്യുന്നത്. അതിനിടെ, പുതിയ മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സ്വന്തം രാജ്യത്തെ പാർലമെന്റിനെയോ ജനങ്ങളെയോ അറിയിക്കുന്നതിന് പകരം വിദേശ മാധ്യമങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്തിയ പ്രധാനമന്ത്രിയുടെ നടപടിയെ പ്രതിപക്ഷ പാർട്ടികളും വിമർശിച്ചു.