കാൽഗറിയിലെ വൈറ്റ്‌ഹോണിൽ ആളില്ലാത്ത വീടുകളിൽ അതിക്രമിച്ചു കയറി മൂന്ന് ലക്ഷത്തിലേറെ ഡോളറിന്റെ നാശനഷ്ടം വരുത്തിവെച്ച മൂന്ന് കുട്ടികൾക്കായി പോലീസ് തിരച്ചിൽ തുടങ്ങി. പത്ത് വയസ്സ് മാത്രം പ്രായമുള്ള കുട്ടിയടക്കമുള്ള സംഘമാണ് വാരാന്ത്യത്തിൽ വൻതോതിൽ നാശനഷ്ടം വരുത്തിയത്.
വടക്കുകിഴക്കൻ കൽഗറിയിൽ വിൽപ്പനയ്ക്കായി ഇട്ടിരുന്ന മൂന്ന് വീടുകളിലാണ് അതിക്രമം നടന്നത്. വീടുകൾക്കുള്ളിലെ ജനലുകൾ, ടോയ്‌ലെറ്റുകൾ, സിങ്കുകൾ, ചുവരുകൾ, വാതിലുകൾ എന്നിവ പ്രതികൾ തല്ലിത്തകർത്തു. ഒരു വീട്ടിൽ പൈപ്പ് തുറന്നുവിട്ടതിനെ തുടർന്ന് വെള്ളം കയറി അറ്റകുറ്റപ്പണി ചെലവുകൾ വൻതോതിൽ ഉയരുകയും ചെയ്തു.
10-നും 16-നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ഇതിന് പിന്നിലെന്നാണ് പോലീസ് കരുതുന്നത്. ഇവർ സ്‌കൂട്ടറിലും ഇലക്ട്രിക് സ്‌കൂട്ടറിലും സൈക്കിളിലുമായി പ്രദേശത്ത് സഞ്ചരിക്കുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. പ്രായപൂർത്തിയാകാത്തവരുമായി ബന്ധപ്പെട്ട നിയമ തടസ്സങ്ങൾ കാരണം പ്രതികളുടെ മങ്ങിയ ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടിട്ടുള്ളത്.
കുട്ടികളെ തിരിച്ചറിയാൻ പോലീസ് പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്. മനഃപൂർവ്വം നടത്തിയ ആക്രമണമാണെന്നും വീടുടമകൾക്കും പ്രോപ്പർട്ടി മാനേജർമാർക്കും ഇത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇത്രയും ചെറിയ കുട്ടികൾ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് അപൂർവ്വവും ആശങ്കാജനകവുമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
വിവരങ്ങൾ ലഭിക്കുന്നവർ 403-266-1234 എന്ന നമ്പറിൽ പോലീസിനെയോ ക്രൈം സ്റ്റോപ്പർ വഴിയോ ബന്ധപ്പെടണമെന്ന് കeൽഗറി പോലീസ് അഭ്യർത്ഥിച്ചു. ആളില്ലാതെ കിടക്കുന്ന വീടുകളുടെ സുരക്ഷ ഉറപ്പാക്കാനും സംശയകരമായ സാഹചര്യങ്ങൾ കണ്ടാൽ ഉടൻ വിവരം അറിയിക്കാനും അധികൃതർ ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.