കാനഡയുടെ എൽ.എൻ.ജി പദ്ധതി വിപുലീകരിക്കുന്നു: ഏഷ്യയ്ക്കും യൂറോപ്പിനും ഊർജ്ജ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി

By: 600110 On: Sep 30, 2026, 12:25 PM

 

ബ്രിട്ടീഷ് കൊളംബിയയിലെ കിറ്റിമാറ്റിലുള്ള 'എൽ.എൻ.ജി കാനഡ' പദ്ധതിയുടെ രണ്ടാം ഘട്ട വിപുലീകരണവുമായി മുന്നോട്ട് പോകുകയാണെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി വാൻകൂവറിൽ അറിയിച്ചു. രണ്ടാം ഘട്ടത്തിൽ നടത്തുന്ന 33 ബില്യൺ ഡോളറിൻ്റെ നിക്ഷേപത്തോടെ എൽ.എൻ.ജി കാനഡ ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ പ്ലാൻ്റായി മാറുമെന്നും ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യയിലെയും യൂറോപ്പിലെയും സൗഹൃദ രാജ്യങ്ങൾക്ക് കുറഞ്ഞ ചെലവിൽ കാർബൺ അളവ് കുറഞ്ഞ ഊർജ്ജ ലഭ്യത ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും. പശ്ചിമേഷ്യൻ യുദ്ധവും ഹോർമൂസ് കടലിടുക്ക് അടച്ചതും കാരണം ആഗോള ഊർജ്ജ വിപണിയിൽ ഇന്ധനവില കുതിച്ചുയരുകയും അനിശ്ചിതത്വം നിലനിൽക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം.

രണ്ടാം ഘട്ടത്തിലൂടെ മാത്രം ഉയർന്ന ശമ്പളമുള്ള 4,000 തൊഴിലവസരങ്ങൾ നേരിട്ട് ലഭിക്കുമെന്നും സർക്കാരിന് 28 ബില്യൺ ഡോളറിൻ്റെ വരുമാനം ലഭിക്കുമെന്നും ബി.സി എൻ.ഡി.പി നേതാവ് ഡേവിഡ് ഈബി വ്യക്തമാക്കി. തൊഴിലാളികളുടെ അവകാശങ്ങൾ, പ്രാദേശിക പങ്കാളിത്തം, ഉയർന്ന പരിസ്ഥിതി മാനദണ്ഡങ്ങൾ എന്നിവ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയെ മുൻ ബി.സി പ്രീമിയർ ക്രിസ്റ്റി ക്ലാർക്കും സ്വാഗതം ചെയ്തു.

എന്നാൽ പ്രഖ്യാപനത്തിനെതിരെ ബി.സി ഗ്രീൻ പാർട്ടി നേതാവ് എമിലി ലോവൻ ശക്തമായി രംഗത്തെത്തി. ഷെൽ, വിദേശ പൊതുമേഖലാ എണ്ണക്കമ്പനികൾ, യു.എസ് പ്രൈവറ്റ് ഇക്വിറ്റി എന്നിവയുടെ കൈവശമുള്ള ഈ പദ്ധതി പൂർണ്ണമായും വിദേശ ഉടമസ്ഥതയിലുള്ളതാണെന്നും, ഇതിൻ്റെ ലാഭമെല്ലാം വിദേശ ഓഹരി ഉടമകളിലേക്കും സർക്കാരുകളിലേക്കുമാണ് പോകുന്നതെന്നും അവർ ആരോപിച്ചു.