പി പി ചെറിയാന്‍
ലോസ് ഏഞ്ചല്‍സ്: ലോസ് ഏഞ്ചല്‍സിനടുത്തുള്ള സിക്‌സ് ഫ്‌ലാഗ്‌സ് മാജിക് മൗണ്ടന്‍ അമ്യൂസ്മെന്റ് പാര്‍ക്കിലെ ജനപ്രിയ റോളര്‍ കോസ്റ്ററായ 'എക്‌സ്2' (X2) സ്ഥിരമായി അടച്ചുപൂട്ടുന്നതായി അധികൃതര്‍ പ്രഖ്യാപിച്ചു. സന്ദര്‍ശകര്‍ക്ക് സാരമായ തലച്ചോറിന് പരിക്കുകളും (Brain injuries) ജീവന് ഭീഷണിയായ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നുവെന്ന നിരവധി പരാതികളും കേസുകളും ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
റൈഡിനിടയില്‍ തല ഹെഡ്റെസ്റ്റില്‍ ശക്തിയായി ഇടിച്ചതിനെത്തുടര്‍ന്ന് സന്ദര്‍ശകര്‍ക്ക് തലച്ചോറിലെ രക്തസ്രാവം മാരകമായ പരിക്കുകള്‍ എന്നിവ സംഭവിച്ചതായി നിരവധി നിയമനടപടികള്‍ വന്നിരുന്നു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ നിരവധി പേര്‍ക്ക് സമാനമായ പരിക്കുകള്‍ പറ്റിയിട്ടുണ്ടെന്നും, കുറഞ്ഞത് രണ്ട് മരണങ്ങള്‍ക്കെങ്കിലും ഈ റൈഡ് കാരണമായിട്ടുണ്ടെന്നും മാധ്യമ അന്വേഷണങ്ങളില്‍ വ്യക്തമായി.
റൈഡ് സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും, സന്ദര്‍ശകരുടെ വിശ്വാസം വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് റൈഡ് സ്ഥിരമായി പൂട്ടാന്‍ തീരുമാനിച്ചതെന്നും പാര്‍ക്ക് പ്രസിഡന്റ് ബ്രയാന്‍ ഓഡിംഗ് വ്യക്തമാക്കി.
റൈഡ് ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ മുന്‍കാലങ്ങളില്‍ പരിശോധനകള്‍ നടത്തിയിരുന്നെങ്കിലും, ഗുരുതര പരിക്കേറ്റവരുടെ കുടുംബങ്ങള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്.