പി പി ചെറിയാന്‍
ഡാളസ്:(ടെക്‌സസ്): ഡാളസ് കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച വലിയൊരു ലഹരിക്കടത്ത് ശൃംഖലയ്ക്കെതിരെ അമേരിക്കന്‍ ഫെഡറല്‍ അധികൃതരുടെ ശക്തമായ നടപടി. യു.എസിലെ ടെക്‌സസ് നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ് കോടതിയില്‍ സമര്‍പ്പിച്ച 24 കുറ്റങ്ങളടങ്ങുന്ന ഫെഡറല്‍ കുറ്റപത്രത്തില്‍ 19 പ്രതികളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുസ്ഥലങ്ങള്‍ക്കും സമീപം പോലും ലഹരി വില്‍പ്പന നടത്തിയിരുന്ന ഈ സംഘത്തിനെതിരെ എഫ്.ബി.ഐയും ഹോംലാന്‍ഡ് സെക്യൂരിറ്റി ടാസ്‌ക് ഫോഴ്സും അടക്കമുള്ള പ്രമുഖ ഏജന്‍സികളുടെ സംയുക്ത നീക്കത്തിലൂടെയാണ് വന്‍ മാഫിയ കുടുങ്ങിയത്.
നിരോധിക്കപ്പെട്ട ലഹരിമരുന്നുകള്‍, തീവ്ര ശേഷിയുള്ള ആയുധങ്ങള്‍, ലക്ഷക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന പണവും ആഭരണങ്ങളുമാണ് പ്രതികളില്‍ നിന്നും പിടിച്ചെടുത്തത്.
ഹോംലാന്‍ഡ് സെക്യൂരിറ്റി ടാസ്‌ക് ഫോഴ്സ്, ഡള്ളാസ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ്, എഫ്.ബി.ഐ (FBI), ഡി.ഇ.എ (DEA), ഐ.ആര്‍.എസ് (IRS-CI) എന്നിവരുടെ സംയുക്ത അന്വേഷണത്തിനൊടുവിലാണ് ഈ ലഹരി മാഫിയാ സംഘം നിയമത്തിന് മുന്നിലായത്. സ്‌കൂളുകള്‍, പാര്‍ക്കുകള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവയോട് ചേര്‍ന്നുപോലും ഇവര്‍ ലഹരി വില്‍പ്പന കേന്ദ്രങ്ങള്‍ ('ഡ്രഗ് ഹൗസുകള്‍') നടത്തിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രദേശവാസികളിലും രക്ഷിതാക്കളിലും വലിയ ആശങ്കയാണ് ഉണ്ടാക്കിയിരുന്നത്.