കാനഡയിൽ $32 മില്യൺ ലോട്ടറി നേടി പഞ്ചാബി യുവാവ്

By: 600110 On: Sep 29, 2026, 11:54 AM

 

കാനഡയിലെ സറെയിൽ നിന്നുള്ള അമൃത്പാൽ സിംഗ് കാനഡയിലെ ഏറ്റവും പുതിയ മൾട്ടി മില്യനെയറായി. സെപ്റ്റംബർ 19-ന് നടന്ന ലോട്ടോ 6/49 ഗോൾഡ് ബോൾ ജാക്ക്‌പോട്ട് നറുക്കെടുപ്പിലൂടെ 32 മില്യൺ ഡോളറാണ്  അമൃത്പാലിന് സമ്മാനമായി ലഭിച്ചത്.

ആദ്യ പരിശോധനയിൽ 32,000 ഡോളറാണ് ലഭിച്ചതെന്നാണ് അദ്ദേഹം കരുതിയത്. കാറിലിരുന്ന് ബി.സി.എൽ.സി മൊബൈൽ ആപ്പ് വഴി ടിക്കറ്റ് സ്കാൻ ചെയ്തപ്പോൾ സംശയം തോന്നി മറ്റു ഫോണുകൾ ഉപയോഗിച്ച് വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തിയപ്പോഴാണ് തനിക്കാണ് മുഴുവൻ ജാക്ക്‌പോട്ടും ലഭിച്ചതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. സറെയിലെ 152 സ്ട്രീറ്റും 104 അവന്യൂവും സംഗമിക്കുന്നിടത്തുള്ള 7-ഇലവൻ സ്റ്റോറിൽ നിന്നാണ് അമൃത്പാൽ വിജയിച്ച ടിക്കറ്റ് വാങ്ങിയത്.

വിജയവിവരം സ്ഥിരീകരിച്ച ഉടൻ തന്നെ വീട്ടിലെത്തി സഹോദരിയെ അറിയിച്ചു. വാർത്ത കേട്ട സഹോദരി വികാരഭരിതയാവുകയും കണ്ണീരണിഞ്ഞു പോവുകയും ചെയ്തു. സെപ്റ്റംബർ 23-ന് വാൻകൂവറിലെ ബി.സി.എൽ.സി ഓഫീസിലെത്തി അദ്ദേഹം സമ്മാനത്തുക കൈപ്പറ്റി.

ലഭിച്ച തുക ഉപയോഗിച്ച് ആദ്യം മാതാപിതാക്കളെയും സഹോദരിയെയും സഹായിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. പുതിയൊരു വീട് വാങ്ങാനും അദ്ദേഹത്തിന് പദ്ധതിയുണ്ട്. കൂടാതെ ഒരു 'ഡൊഡ്ജ് ചലഞ്ചർ' (Dodge Challenger) കാർ സ്വന്തമാക്കുക എന്നത് തന്റെ വലിയ ആഗ്രഹമാണെന്നും കുറച്ചു കാറുകൾ കൂടി വാങ്ങിയേക്കുമെന്നും അമൃത്പാൽ പറഞ്ഞു. ഈ വിജയം തന്റെ ജീവിതം തന്നെ മാറ്റിമറിച്ചുവെന്നും, പണം എങ്ങനെ വിനിയോഗിക്കണമെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാനഡയിൽ ലോട്ടറി സമ്മാനങ്ങൾക്ക് നികുതിയില്ലാത്തതിനാൽ പൂർണ്ണ തുകയും അമൃത്പാലിന് തന്നെ ലഭിക്കും. ആഴ്ചയിൽ രണ്ടുതവണ ലോട്ടോ 6/49 നറുക്കെടുപ്പ് നടക്കാറുണ്ടെന്ന് അധികൃതർ അറിയിച്ചു.