ഗെൽഫ് സർവകലാശാലയിലെ അനാധികൃത 'ഹോംകമിംഗ്' ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിലും അക്രമ സംഭവങ്ങളിലും കടുത്ത പ്രതിഷേധമറിയിച്ച് നഗരത്തിലെ മേയർ കാം ഗത്രി. മുൻപെങ്ങുമില്ലാത്തവിധം മോശമായ സംഭവവികാസങ്ങളാണ് നടന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം, അടിയന്തര സേവന വിഭാഗങ്ങൾക്കും പോലീസിനും നേരെ നടന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ചു.
ശനിയാഴ്ച വൈകുന്നേരത്തോടെ അയ്യായിരത്തോളം ആളുകൾ തെരുവുകളിലും പാർക്കിംഗ് കേന്ദ്രങ്ങളിലും തടിച്ചുകൂടിയതിനെ തുടർന്ന് പോലീസിന് സമീപത്തെ റോഡുകൾ അടയ്ക്കേണ്ടി വന്നു. ആഘോഷങ്ങൾക്കിടെ കെട്ടിടങ്ങളുടെ ജനലുകൾ തകർക്കുകയും വസ്തുവകകൾ നശിപ്പിക്കുകയും തീയിടുകയും ചെയ്തു. പോലീസിനും മറ്റ് അടിയന്തര സേനാംഗങ്ങൾക്കും നേരെ കുപ്പികളും അവശിഷ്ടങ്ങളും എറിഞ്ഞതിനെ തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസിന് പെപ്പർ സ്‌പ്രേ പ്രയോഗിക്കേണ്ടിവന്നു.
തലയ്ക്കേറ്റ പരിക്കുകളും ലഹരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കാരണം അറുപതോളം പേരെ പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അടിയന്തര സേനങ്ങൾക്കും ശുചീകരണ വിഭാഗത്തിനും വലിയ തുക ചെലവഴിക്കേണ്ടി വന്നതിലും പ്രദേശത്തെ സ്ഥാപനങ്ങൾക്ക് നാശനഷ്ടമുണ്ടായതിലും മേയർ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം സംഭവങ്ങൾ കൈകാര്യം ചെയ്യാൻ നഗരത്തിലെ നികുതിദായകർ പണം മുടക്കേണ്ടി വരുന്നത് അംഗീകരിക്കാനാവില്ലെന്നും, പോലീസിംഗ്, ശുചീകരണ ചെലവുകൾക്കായി വിദ്യാർത്ഥികളുടെ ഫീസിൽ 5 ഡോളർ അധിക സർചാർജ് ഏർപ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങൾ സർവകലാശാലയുമായി സംസാരിക്കുമെന്നും മേയർ കൂട്ടിച്ചേർത്തു.
സംഭവത്തിൽ കടുത്ത നിരാശ രേഖപ്പെടുത്തിയ സർവകലാശാലാ പ്രസിഡന്റും വൈസ് ചാൻസലറുമായ ഡോ. റെനെ വാൻ ആക്കർ, സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു. ആഘോഷങ്ങളിൽ പങ്കെടുത്ത പുറത്തുനിന്നുള്ളവരാണ് പ്രധാനമായും അക്രമങ്ങൾക്ക് വഴിവെച്ചതെന്നും, എന്നാൽ സർവകലാശാലാ നിയമങ്ങളോ രാജ്യത്തെ നിയമങ്ങളോ ലംഘിച്ച വിദ്യാർത്ഥികൾക്കെതിരെ കൃത്യമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.