റ്റിറ്റിസി ബസ് ഹൈജാക്ക് ചെയ്ത് ജോയ് റൈഡ്;അന്വേഷണം ആരംഭിച്ചു

By: 600110 On: Sep 29, 2026, 11:49 AM

ടൊറൻ്റോയിലെ നോർത്ത് ക്വീൻ യാർഡിൽ അതിക്രമിച്ചു കയറി ഒരു സംഘം യുവാക്കൾ ബസ്സുമായി അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ ടൊറൻ്റോ ട്രാൻസിറ്റ് കമ്മീഷൻ (ടി.ടി.സി) അന്വേഷണം ആരംഭിച്ചു. നോർത്ത് ക്വീൻ സ്ട്രീറ്റിൽ ഷെൺക്ലിഫ് റോഡിന് കിഴക്കായുള്ള യാർഡിൽ ഈ മാസമാദ്യമാണ് സംഭവം നടന്നത്.

യുവാക്കൾ യാർഡിനുള്ളിൽ ബസ് അതിവേഗത്തിൽ വട്ടത്തിൽ ഓടിക്കുന്നതിൻ്റെയും, ബസ്സിനുള്ളിൽ നിന്ന് പകർത്തിയ ദൃശ്യങ്ങളുടെയും വീഡിയോ  സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുണ്ട്. യാത്രയ്ക്കിടെ ഒരു ബോർഡിൽ ബസ് ഇടിച്ചുകയറുകയും, ഇത് സമീപത്തുണ്ടായിരുന്ന ആളിന്റെ മേൽ പതിക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു.

യുവാക്കളുടെ ഈ പ്രവൃത്തി അങ്ങേയറ്റം ഉത്തരവാദിത്തമില്ലാത്തതും അപകടകരവുമാണെന്ന് ടി.ടി.സി വക്താവ് സ്റ്റുവർട്ട് ഗ്രീൻ വ്യക്തമാക്കി. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ ക്രിമിനൽ കേസ് അടക്കമുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ടൊറൻ്റോ പോലീസിൽ വിവരമറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ട്രാൻസിറ്റ് കേന്ദ്രങ്ങളുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയുയർത്തിയ ഈ സംഭവത്തെക്കുറിച്ച് ടി.ടി.സി വിശദമായ പരിശോധന നടത്തിവരികയാണ്. അതിക്രമിച്ചു കയറുന്നതും ഇത്തരം അപകടകരമായ കാര്യങ്ങളിൽ ഏർപ്പെടുന്നതും ഗുരുതരമായ കുറ്റമാണെന്ന് അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.