കാലില്‍ തൊട്ട് വിശ്വാസം നേടി; വയോധികയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

By: 600002 On: Sep 29, 2026, 10:34 AM



സണ്ണി മാളിയേക്കല്‍

ബ്രാംപ്ടണ്‍: കാനഡയിലെ ബ്രാംപ്ടണില്‍ വൈകുന്നേരം നടക്കാനിറങ്ങിയ 78 വയസ്സുള്ള ഇന്ത്യന്‍ വംശജയുടെ ഏകദേശം 20,000 കനേഡിയന്‍ ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. ജൂലൈ 28-ന് ചിന്‍ഗ്വാകൂസി റോഡിനും ബോവേര്‍ഡ് ഡ്രൈവ് വെസ്റ്റിനും സമീപമാണ് സംഭവം നടന്നത്.

വഴിയരികില്‍ വാഹനം നിര്‍ത്തിയ ശേഷം പുറത്തിറങ്ങിയ യുവതി വയോധികയുടെ കാലില്‍ തൊടുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. അയല്‍വാസിയാണെന്ന് കരുതിയതിനാല്‍ അമ്മയ്ക്ക് സംശയം തോന്നിയില്ലെന്ന് മകന്‍ രാഘവേന്ദ്ര കുമാര്‍ പറഞ്ഞു. ഈ സമയത്ത് യഥാര്‍ഥ സ്വര്‍ണമാല മാറ്റി വ്യാജാഭരണം അണിയിക്കുകയും വളകള്‍ കൈക്കലാക്കുകയും ചെയ്‌തെന്നാണ് കുടുംബത്തിന്റെ ആരോപണം. മോഷണം തിരിച്ചറിഞ്ഞതോടെ അമ്മ ഏറെ ഭയന്നതായും പിന്നീട് പുറത്തേക്ക് നടക്കാന്‍ പോകുന്നത് നിര്‍ത്തിയതായും മകന്‍ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവതിയെയും വെള്ള നിറത്തിലുള്ള ഷെവര്‍ലെ ഇക്വിനോക്‌സ് വാഹനത്തെയും പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്. ആരെയും കുറ്റക്കാരിയായി സ്ഥിരീകരിച്ചിട്ടില്ല; അന്വേഷണം തുടരുകയാണ്.