കാനഡയില്‍ നിന്നുള്ള ഇറക്കുമതിക്ക് യു.എസിന്റെ പുതിയ നിരോധനം ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരും

By: 600002 On: Sep 29, 2026, 9:37 AM



പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി: കാനഡയുമായുള്ള വ്യാപാര യുദ്ധത്തിന്റെ ഭാഗമായി, ചില പ്രധാന കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യു.എസ് ഏര്‍പ്പെടുത്തിയ പുതിയ ഇറക്കുമതി നിരോധനം ചൊവ്വാഴ്ച പുലര്‍ച്ചെ 12:01 മുതല്‍ നിലവില്‍ വരും. കനേഡിയന്‍ താരിഫുകള്‍ക്കുള്ള മറുപടിയായാണ് യു.എസ് പ്രസിഡന്റ് ഈ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ചത്.

വിസ്‌കി, വൈന്‍, ബിയര്‍, ടെക്വില, വോഡ്ക, റം തുടങ്ങിയ പാക്ക് ചെയ്തതും അല്ലാത്തതുമായ എല്ലാ പ്രധാന മദ്യ ഇനങ്ങളുടെയും ഇറക്കുമതി നിരോധിച്ചിട്ടുണ്ട്. കനേഡിയന്‍ മദ്യത്തിന്റെ പ്രധാന കയറ്റുമതി വിപണിയാണ് യു.എസ്.

വേ (whey), വേ പ്രോട്ടീന്‍, മറ്റ് പാലുല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് പൂര്‍ണ്ണ നിരോധനമുണ്ട്. കൂടാതെ കരിമ്പ് മൊളാസസും ഇതില്‍ ഉള്‍പ്പെടുന്നു. 2024-ല്‍ 70-ലധികം കോടി ഡോളറിന്റെ പാലുല്‍പ്പന്നങ്ങളാണ് കാനഡയില്‍ നിന്ന് യു.എസിലേക്ക് കയറ്റുമതി ചെയ്തത്.

800 സി.സിയില്‍ കൂടുതല്‍ എഞ്ചിന്‍ ശേഷിയുള്ള മോട്ടോര്‍സൈക്കിളുകള്‍, മോപ്പെഡുകള്‍ എന്നിവയും നിരോധിച്ച പട്ടികയിലുണ്ട്.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ക്ക് ഉടനടി അവസാനമുണ്ടാകാന്‍ സാധ്യതയില്ലെന്ന് യു.എസ് വ്യാപാര പ്രതിനിധികള്‍ വ്യക്തമാക്കി.