ഖത്തറിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിയമലംഘനങ്ങള്‍ വ്യാപകം

By: 600007 On: Nov 8, 2021, 5:57 PM

വാണിജ്യ സ്ഥാപനങ്ങള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ വ്യവസായ മന്ത്രാലയം വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ വ്യാപകമായി നിയമലംഘനങ്ങള്‍ കണ്ടെത്തി. 

103 നിയമലംഘനങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്. 5000 മുതല്‍ 30000 റിയാല്‍ വരെയാണ് വിവിധ സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടത്. വാണിജ്യ വ്യവസായ മന്ത്രാലയം ഒക്ടോബര്‍ മാസത്തില്‍ നടത്തിയ പരിശോധനകളിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. ഇംഗ്ലീഷിനൊപ്പം അറബിയിലും ഇന്‍വോയ്‌സ് നല്‍കിയില്ല, ഉല്‍പ്പന്നത്തെ കുറിച്ചുള്ള വിവരണം അറബിയില്‍ നല്‍കിയില്ല, പഴങ്ങളുടെയും പച്ചക്കറികളുടെയും വിലനിലവാര ബുള്ളറ്റിന്‍ ലഭ്യമാക്കിയില്ല, തിരികെ നല്‍കിയ ഉല്‍പ്പന്നത്തിന് യഥാസമയം റീഫണ്ട് നല്‍കിയില്ല, ഓഫറുകളും വിലക്കിഴിവുകളും നല്‍കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങിയില്ല, കാലാവധി കഴിഞ്ഞ വസ്തുക്കള്‍ വില്‍പ്പനയ്ക്ക് വെച്ചു തുടങ്ങിയവയാണ് പ്രധാനമായും കണ്ടെത്തിയ നിയമലംഘനങ്ങള്‍. 

കൃത്രിമ വിലക്കയറ്റം തടയുക, നിയമലംഘനങ്ങള്‍ കണ്ടെത്തുക, ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നിവയ്‌ക്കൊപ്പം വിപണികളും വാണിജ്യ പ്രവര്‍ത്തനങ്ങളും സ്ഥിരമായി നിരീക്ഷിക്കുന്നതിനുള്ള പദ്ധതിയുടെയും കൂടി ഭാഗമായാണ് പരിശോധനാ ക്യാംപെയ്‌നുകള്‍ നടക്കുന്നത്. 


Content Highlights: violation of rules at qatar industry