പി പി ചെറിയാന്‍
വാഷിംഗ്ടണ്‍: മുന്‍ ബൈഡന്‍ ഭരണകൂടത്തിന്റെ ഇലക്ട്രിക് വെഹിക്കിള്‍ (ഇ.വി) നയങ്ങള്‍ക്ക് വിരാമമിട്ട് പുതിയ ഇന്ധനക്ഷമതാ ചട്ടങ്ങള്‍ക്ക് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കി. കാര്‍ വില കുറയ്ക്കാനും അമേരിക്കന്‍ വാഹന നിര്‍മ്മാണ മേഖലയെ ശക്തിപ്പെടുത്താനുമാണ് പുതിയ തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി.
പുതിയ മാറ്റങ്ങള്‍ വാഹന നിര്‍മ്മാണ ചെലവ് കുറയ്ക്കുമെന്നും അമേരിക്കന്‍ കുടുംബങ്ങള്‍ക്ക് പുതിയതും സുരക്ഷിതവുമായ കാറുകള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്നും ട്രൂത്ത് സോഷ്യലിലെ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. മിഷിഗണ്‍, ഒഹായോ, ഇന്ത്യാന, സൗത്ത് കരോലിന തുടങ്ങിയ സംസ്ഥാനങ്ങളില്‍ പുതിയ നിര്‍മ്മാണ യൂണിറ്റുകളും തൊഴിലവസരങ്ങളും കൊണ്ടുവരാന്‍ പുതിയ നയത്തിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. ജനറല്‍ മോട്ടോഴ്സ്, ഫോര്‍ഡ്, സ്റ്റെല്ലാന്റിസ് തുടങ്ങിയ പ്രമുഖ കമ്പനികള്‍ അമേരിക്കയില്‍ ഉല്‍പ്പാദനം വ്യാപിപ്പിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.
എന്നാല്‍, നയമാറ്റം ഇന്ധനച്ചെലവ് വര്‍ദ്ധിപ്പിക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. 2050-ഓടെ ഇന്ധന ഉപഭോഗത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകുമെന്നും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നത് ഏകദേശം 5 ശതമാനം വരെ കൂടാന്‍ സാധ്യതയുണ്ടെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.
പുതിയ ചട്ടങ്ങള്‍ നടപ്പിലാകുന്നതോടെ കാറുകളുടെ പ്രാരംഭ വിലയില്‍ ഏകദേശം 930 ഡോളര്‍ വരെ കുറവുണ്ടാകുമെന്നാണ് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്റെ (എന്‍.എച്ച്.ടി.എസ്.എ) വിലയിരുത്തല്‍.