മെറ്റാ ഗ്ലാസുകൾ പിടിച്ചെടുക്കും: വിദ്യാർത്ഥികളുടെ സ്വകാര്യത സംരക്ഷിക്കാൻ കടുത്ത നടപടിയുമായി സറേ സ്കൂൾ

By: 600110 On: Sep 28, 2026, 7:50 AM

 

 



 ബ്രിട്ടീഷ് കൊളംബിയയിലുള്ള സറേ സ്കൂൾ ഡിസ്ട്രിക്റ്റിന് കീഴിലെ ജോൺസ്റ്റൺ ഹൈറ്റ്സ് സെക്കൻഡറി സ്കൂളിൽ മെറ്റാ സ്മാർട്ട് ഗ്ലാസുകൾക്ക് വിലക്കേർപ്പെടുത്തി. വിദ്യാർത്ഥികളുടെ സ്വകാര്യതയും പരീക്ഷകളുടെ സുതാര്യതയും സംബന്ധിച്ച് ഉയർന്ന  ആശങ്കകളെത്തുടർന്നാണ് സ്കൂൾ ഭരണകൂടം ഈ തീരുമാനമെടുത്തത്. വിദ്യാർത്ഥികളോ അധ്യാപകരോ ഇത്തരം ഗ്ലാസുകൾ ധരിച്ച് ക്യാമ്പസിൽ എത്തിയാൽ അവ ഉടനടി പിടിച്ചെടുക്കുമെന്നും, രക്ഷിതാക്കളെ നേരിട്ട് വിളിച്ചുവരുത്തി മാത്രമേ തിരികെ നൽകുകയുള്ളൂവെന്നും രക്ഷിതാക്കൾക്ക് അയച്ച ഔദ്യോഗിക സന്ദേശത്തിൽ  അധികൃതർ വ്യക്തമാക്കി.

രഹസ്യമായി ചിത്രങ്ങളും വീഡിയോകളും പകർത്തുവാൻ സാധിക്കുന്ന ഇത്തരം സ്മാർട്ട് ഉപകരണങ്ങൾ ക്ലാസ് മുറികളിലെ സുരക്ഷിത അന്തരീക്ഷത്തെ ബാധിക്കുമെന്ന് സറേ സ്കൂൾസ് സൂപ്രണ്ടും സി.ഇ.ഒയുമായ മാർക്ക് പിയർമെയ്ൻ പറഞ്ഞു . പൂർണ്ണസമ്മതമില്ലാതെ ആരുടെയും ചിത്രങ്ങളോ ശബ്ദമോ പകർത്തുവാൻ പാടില്ലെന്ന സ്കൂൾ നയം ലംഘിക്കാൻ ഇത്തരം സാങ്കേതികവിദ്യകൾ കാരണമാകുന്നുണ്ട്. ക്യാമറകളും മൈക്രോഫോണുകളും അടങ്ങിയ സ്മാർട്ട് കണ്ണടകൾ പരീക്ഷാ സമയങ്ങളിൽ ക്രമക്കേടുകൾ നടത്തുന്നതിനായി ഉപയോഗിക്കാനുള്ള സാധ്യതയും ഭരണകൂടം ചൂണ്ടിക്കാണിക്കുന്നു.

നിലവിൽ പ്രവിശ്യയിലോ ഫെഡറൽ തലത്തിലോ പൊതുസ്ഥലങ്ങളിൽ ഇത്തരം ഗ്ലാസുകൾ നിരോധിച്ചുകൊണ്ട് പ്രത്യേക നിയമങ്ങളൊന്നും കാനഡയിൽ നിലവിലില്ല. എങ്കിലും സ്കൂളുകൾക്ക് സ്വന്തം നിലയിൽ ചട്ടങ്ങൾ രൂപീകരിക്കാൻ അധികാരമുണ്ട്. ഡിജിറ്റൽ സാങ്കേതികവിദ്യകൾ അതിവേഗം വളരുമ്പോഴും, വിദ്യാർത്ഥികളുടെ സ്വകാര്യതയ്ക്കും പരസ്പരവിശ്വാസത്തിനും മുൻഗണന നൽകിക്കൊണ്ട് കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുകയാണ്  സ്കൂൾ അധികൃതർ.