കാനഡയിലാദ്യമായി ടെസ്‌ലയുടെ 1.2 മെഗാവാട്ട് ചാർജറുകൾ സ്ഥാപിക്കാൻ ബ്രിട്ടീഷ് കൊളംബിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർ.ആർ. പ്ലെറ്റ് ട്രക്കിംഗ് കമ്പനി ഒരുങ്ങുന്നു. 12 ഇലക്ട്രിക് ടെസ്‌ല ട്രക്കുകൾ വാങ്ങാൻ ഓർഡർ നൽകിയതിനെത്തുടർന്നാണ് കമ്പനി ഈ നീക്കം ആരംഭിച്ചത്. ആർ.ആർ. പ്ലെറ്റ് ട്രക്കിംഗിന്റെ ലാംഗ്ലിയിലുള്ള ആസ്ഥാനത്തും കാംലൂപ്സിലെ കേന്ദ്രത്തിലുമാണ് രാജ്യത്തെ ആദ്യത്തെ 'എം.സി.എസ്' (MCS) മെഗാചാർജറുകൾ സ്ഥാപിക്കുന്നത്.
അടുത്ത മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ ഈ റൂട്ട് പൂർണ്ണമായും ഇലക്ട്രിക് ആക്കുകയാണ് ലക്ഷ്യമെന്ന് കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ട്രെവർ പ്ലെറ്റ് വ്യക്തമാക്കി. ഇതിൻ്റെ ഭാഗമായി ബി.സിയിലെ ഗോൾഡൻ, ആൽബർട്ടയിലെ കാൽഗറി എന്നിവിടങ്ങളിലും ചാർജറുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ട്. വലിയ തുക മുതൽമുടക്ക് ആവശ്യമുള്ള പദ്ധതിയായതിനാൽ ഘട്ടംഘട്ടമായായിരിക്കും ഇത് പൂർത്തിയാക്കുക. ടെസ്‌ല മെഗാചാർജറിൻ്റെ പ്രത്യേകതകൾ:അഞ്ച് മണിക്കൂർ മുതൽ മൂന്ന് മണിക്കൂർ വരെ വേഗത്തിൽ ചാർജ് ചെയ്യാൻ സാധിച്ചിരുന്ന ഡി.സി ഫാസ്റ്റ് ചാർജറുകൾക്ക് പകരം 1.2 മെഗാവാട്ട് ശേഷിയുള്ള മെഗാചാർജറുകൾ ഉപയോഗിക്കുമ്പോൾ ചാർജിംഗ് സമയം വെറും 30 മിനിറ്റായി കുറയും.30 മിനിറ്റ് ചാർജ് ചെയ്യുന്നതിലൂടെ ട്രക്കിന് 60 ശതമാനം വരെ കൂടുതൽ യാത്ര ചെയ്യാനുള്ള റേഞ്ച് ലഭിക്കും.
ചാർജിംഗ് സമയം കുറയുന്നതോടെ നിലവിലെ ഒരൊറ്റ ഷിഫ്റ്റിന് പകരം ട്രക്കുകൾ രണ്ട് ഷിഫ്റ്റുകളിൽ തുടർച്ചയായി സർവീസ് നടത്താൻ സാധിക്കും.ഇൻസ്റ്റലേഷൻ ചെലവ് കൂടാതെ, ടെസ്‌ലയുടെ വാണിജ്യ ആവശ്യങ്ങൾക്കുള്ള ഡ്യുവൽ-പോസ്റ്റ് മെഗാചാർജറിന് ഏകദേശം 1,88,000 യു.എസ് ഡോളറാണ് വില വരുന്നത്.നിലവിൽ വാങ്കൂവർ തുറമുഖത്ത് നിന്നുള്ള ഹ്രസ്വദൂര സർവീസുകൾക്കായി എട്ട് വോൾവോ ഇലക്ട്രിക് ട്രക്കുകൾ ഈ കമ്പനി ഉപയോഗിക്കുന്നുണ്ട്. എന്നാൽ വോൾവോയെ അപേക്ഷിച്ച് ടെസ്‌ല ട്രക്കുകൾക്ക് ഭാരം കുറവും ഉയർന്ന റേഞ്ചുമാണുള്ളത്.
വോൾവോ ട്രക്കുകൾക്ക് 23,000 പൗണ്ട് ഭാരവും 300 മുതൽ 350 കിലോമീറ്റർ വരെ റേഞ്ചുമുള്ളപ്പോൾ, ടെസ്‌ല സെമി ട്രക്കുകൾക്ക് 19,000 പൗണ്ടിൽ താഴെ ഭാരവും ഏകദേശം 500 കിലോമീറ്റർ റേഞ്ചുമുണ്ട്. ഇത് സർവീസുകളിൽ വലിയൊരു മാറ്റത്തിന് വഴിയൊരുക്കുമെന്ന് കമ്പനി കരുതുന്നു. ചാർജിംഗ് കേന്ദ്രങ്ങൾ സ്ഥാപിച്ചു കഴിഞ്ഞാൽ മറ്റ് ട്രക്കിംഗ് കമ്പനികൾക്കും ഇവ ഉപയോഗിക്കാൻ അവസരം നൽകുമെന്ന് ആർ.ആർ. പ്ലെറ്റ് ട്രക്കിംഗ് അറിയിച്ചിട്ടുണ്ട്.