കാനഡയിലെ സൂപ്പർമാർക്കറ്റുകളിൽ സജീവമായ പ്രമുഖ ബ്രാൻഡായ ഡ്രെസ്കോൾസിൻ്റെ ബെറികളിൽ അനുവദനീയമായതിലും കൂടുതൽ കീടനാശിനികളും രാസവസ്തുക്കളും അടങ്ങിയിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ. വിഷയം പുറത്തുപറയാതിരിക്കാൻ കമ്പനി വിവരങ്ങൾ മറച്ചുവെച്ചതായി മുൻ ഉദ്യോഗസ്ഥൻ സമർപ്പിച്ച ഹർജിയിൽ ആരോപിച്ചു. 2022 മുതൽ 2024 വരെയുള്ള കാലയളവിൽ കാനഡയിലേക്ക് കയറ്റി അയച്ച ബെറികളിൽ പകുതിയോളവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവയാണെന്ന് ഡ്രെസ്കോൾസിലെ മുൻ ഫുഡ് സേഫ്റ്റി മാനേജറായ ഡേവിഡ് ഹരാഡ വ്യക്തമാക്കി.
യു.എസ്, കാനഡ മേഖലകളിലെ ഫുഡ് സേഫ്റ്റി വിഭാഗം തലവനായിരുന്ന ഡേവിഡ് ഹരാഡ, രാസവസ്തുക്കളുടെ അമിത ഉപയോഗം മേലധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും വിഷയം ഗൗരവമായി എടുത്തില്ല. 2022-ൽ കാനഡയിലെ വിൽപ്പന വർദ്ധിപ്പിക്കാനായി ഫുഡ് സേഫ്റ്റി ട്രാക്കിംഗ് സിസ്റ്റം ഒഴിവാക്കിയതാണ് ഈ നിയമലംഘനങ്ങൾക്ക് വഴിവെച്ചത്. രാസവസ്തുക്കളുടെ ഉയർന്ന അളവ് പരസ്യമായി വെളിപ്പെടുത്താനും വിപണിയിൽ നിന്ന് ഉൽപ്പന്നങ്ങൾ തിരികെ വിളിക്കാനും ആവശ്യപ്പെട്ടതിന് പിന്നാലെ കമ്പനി തനിക്കെതിരെ പ്രതികാര നടപടികൾ സ്വീകരിക്കുകയും രാജി വെക്കാൻ നിർബന്ധിക്കുകയും ചെയ്തതായി ഹരാഡ ആരോപിക്കുന്നു.
കാനഡ ഫുഡ് ഇൻസ്‌പെക്ഷൻ ഏജൻസി (CFIA) നടത്തിയ പരിശോധനകളിൽ ഡ്രെസ്കോൾസ് ബെറികളിൽ ബൈഫെൻത്രിൻ, ഐപ്രോഡിയോൺ, ക്യാപ്റ്റൻ തുടങ്ങിയ ഫംഗിസൈഡുകളും ഇൻസെക്റ്റിസൈഡുകളും അനുവദനീയമായ പരിധിയേക്കാൾ കൂടുതൽ കണ്ടെത്തിയതായി സ്ഥിരീകരിച്ചു. എന്നാൽ ഇവ പെട്ടെന്ന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന തലത്തിലല്ലാത്തതിനാൽ വിപണിയിൽ നിന്ന് ബെറികൾ തിരികെ വിളിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന് ഏജൻസി വ്യക്തമാക്കി.
ഹരാഡ ഉയർത്തിയ ആരോപണങ്ങൾ ഡ്രെസ്കോൾസ് പൂർണ്ണമായും നിഷേധിച്ചു. ഫുഡ് സേഫ്റ്റി ട്രാക്കിംഗ് സിസ്റ്റം ഒഴിവാക്കിയിട്ടില്ലെന്നും സുരക്ഷിതമല്ലാത്ത ഉൽപ്പന്നങ്ങൾ വിറ്റഴിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. ഹരാഡയുടെ ആശങ്കകളിൽ കൃത്യമായ നടപടിയെടുത്തിട്ടുണ്ടെന്നും ഇതിന് ആവശ്യമായ തെളിവുകൾ കോടതിയിൽ ഹാജരാക്കുമെന്നും ഡ്രെസ്കോൾസ് അറിയിച്ചു.