ഡീസൽ വില കുറയ്ക്കാനും ഭാവിയിൽ സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ ഇന്ധന ലഭ്യത ഉറപ്പാക്കാനുമായി ഫെഡറൽ നികുതികൾ വെട്ടിക്കുറയ്ക്കണമെന്ന് കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പൊയിലീവ്രെ. വരാനിരിക്കുന്ന കാനഡ ഡേ വരെയെങ്കിലും ഡീസൽ വിൽപ്പനയ്ക്കുള്ള മുഴുവൻ നികുതികളും ഒഴിവാക്കണമെന്നാണ് അദ്ദേഹത്തിന്റെ നിർദ്ദേശം.
ഞായറാഴ്ച ഒട്ടാവയിലെ ഒരു പെട്രോൾ പമ്പിൽ വെച്ചാണ് പൊയിലീവ് തങ്ങളുടെ പുതിയ നയപരമായ നിർദ്ദേശങ്ങൾ വിശദീകരിച്ചത്. രാജ്യത്തിനാവശ്യമായ ഡീസൽ കാനഡയിൽ തന്നെ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും, ഗതാഗത തടസ്സങ്ങൾ കാരണം ചില പ്രദേശങ്ങൾക്ക് ഇപ്പോഴും യു.എസ് ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. അടുത്ത വർഷം ജൂലൈ ഒന്ന് (കാനഡ ഡേ) വരെ ഫുവൽ എക്സൈസ് ടാക്സ് ഇളവ് നീട്ടണമെന്നും, ഡീസൽ വാങ്ങുമ്പോൾ ഈടാക്കുന്ന ജി.എസ്.ടി പൂർണ്ണമായി ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉത്പാദനച്ചെലവ് കൂട്ടുകയും പുതിയ റിഫൈനറി നിക്ഷേപങ്ങൾക്ക് തിരിച്ചടിയാകുകയും ചെയ്യുന്ന ഫെഡറൽ ഇൻഡസ്ട്രിയൽ കാർബൺ ടാക്സും ക്ലീൻ ഫുവൽ സ്റ്റാൻഡേർഡും സ്ഥിരമായി റദ്ദാക്കണം. ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ രാജ്യത്തെ ഇന്ധന ശുദ്ധീകരണ ശേഷി വർദ്ധിക്കുകയും കൂടുതൽ കനേഡിയൻ ക്രൂഡ് ഓയിൽ സംസ്‌കരിക്കാൻ റിഫൈനറികൾക്ക് സാധിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ എല്ലാ പ്രദേശങ്ങളിലേക്കും തടസ്സമില്ലാതെ ഇന്ധനമെത്തിക്കാനുള്ള ഗതാഗത, സംഭരണ സൗകര്യങ്ങൾ വികസിപ്പിക്കാൻ ഇത് സഹായിക്കുമെന്നും പൊയിലീവ്രെ വ്യക്തമാക്കി.