ആൽബർട്ടയിൽ ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് നേരെയുണ്ടാകുന്ന അതിക്രമ സംഭവങ്ങൾ മുൻവർഷങ്ങളെ അപേക്ഷിച്ച് വർദ്ധിച്ചതായി പുതിയ റിപ്പോർട്ട്. ആൽബർട്ട വർക്കേഴ്‌സ് കോമ്പൻസേഷൻ ബോർഡിൻ്റെ കണക്കുകളെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ ആരോഗ്യപ്രവർത്തകർക്ക് തിരെയുള്ള ആക്രമണ പരാതികൾ രേഖപ്പെടുത്തിയിരിക്കുന്നത്. 2025-ൽ മാത്രം ആയിരത്തിലധികം അക്രമ സംഭവങ്ങളാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത്.
ആശുപത്രികളിലെയും എമർജൻസി വിഭാഗങ്ങളിലെയും ജീവനക്കാരുടെ കുറവ്, രോഗികളുടെ നീണ്ട കാത്തിരിപ്പ് സമയം, മാനസിക സമ്മർദ്ദം എന്നിവയാണ് ഈ അതിക്രമങ്ങൾ വർദ്ധിക്കാൻ പ്രധാന കാരണമായി യൂണിയൻ പ്രതിനിധികൾ ചൂണ്ടിക്കാണിക്കുന്നത്. ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കണക്കുകളേക്കാൾ എത്രയോ ഇരട്ടിയാണ് ജീവനക്കാർ അഭിമുഖീകരിക്കുന്ന വാക്കാലുള്ള അധിക്ഷേപങ്ങളും ഭീഷണികളും എന്നും, ഭൂരിഭാഗം സംഭവങ്ങളും രേഖപ്പെടുത്താതെ പോകുന്നുണ്ടെന്നും ആരോഗ്യ രംഗത്തെ യൂണിയനുകൾ ആരോപിക്കുന്നു.
ഈ സാഹചര്യം മുൻനിർത്തി എഡ്മൻ്റണിലെ പ്രമുഖ ആശുപത്രികളിൽ സുരക്ഷാ പരിശോധനകൾക്കായി ആയുധ ഡിറ്റക്ടറുകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള കർശന നടപടികളിലേക്ക് അധികൃതർ കടന്നിട്ടുണ്ട്. എന്നാൽ താൽക്കാലിക സുരക്ഷാ സംവിധാനങ്ങൾക്കപ്പുറം, ജീവനക്കാരുടെ എണ്ണം കൂട്ടുകയും ജോലിസ്ഥലത്തെ സുരക്ഷിതത്വം ഉറപ്പാക്കാൻ കൃത്യമായ നയരൂപീകരണം നടത്തുകയും വേണമെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധരും ട്രേഡ് യൂണിയനുകളും സർക്കാരിനോട് ആവശ്യപ്പെടുന്നത്.