ടംബ്ലർ റിഡ്ജ് വെടിവെപ്പ്: എഐ കമ്പനികൾക്കെതിരെ ക്രിമിനൽ നടപടി ഉറപ്പാക്കാൻ കാനഡയിൽ നിയമനിർമ്മാണത്തിന് നീക്കം

By: 600110 On: Sep 26, 2026, 1:00 PM

 

ബ്രിട്ടീഷ് കൊളംബിയയിലെ  ടംബ്ലർ റിഡ്ജിൽ നടന്ന കൂട്ടവെടിവെപ്പിലെ പ്രതിക്ക് ഓപ്പൺ എഐ'യുടെ ചാറ്റ് ജിപിടി  മാർഗ്ഗനിർദ്ദേശം നൽകിയെന്ന വിവരത്തിന് പിന്നാലെ, AI കമ്പനികൾക്കെതിരെ ക്രിമിനൽ ഉത്തരവാദിത്തം ഉറപ്പാക്കാൻ രാജ്യത്തെ ക്രിമിനൽ കോഡിൽ ഭേദഗതി വരുത്തണമെന്ന് അറ്റോർണി ജനറൽ നിക്കി ശർമ്മ ആവശ്യപ്പെട്ടു. 2026 ഫെബ്രുവരിയിൽ എട്ട് പേരുടെ മരണത്തിനിടയാക്കിയ കൂട്ടക്കൊലയ്ക്ക് മുമ്പ്, 18 കാരിയായ അക്രമിയുമായി ചാറ്റ് ജിപിടി നടത്തിയ ഞെട്ടിക്കുന്ന സംഭാഷണ വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് ബ്രിട്ടീഷ് കൊളംബിയ അറ്റോർണി ജനറൽ ഫെഡറൽ സർക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

അമേരിക്കൻ മാധ്യമമായ 'മദർ ജോൺസ്' പുറത്തുവിട്ട റിപ്പോർട്ടിലാണ് അക്രമിയും എഐ ചാറ്റ്‌ബോട്ടും തമ്മിലുള്ള  സംഭാഷണ വിവരങ്ങളുള്ളത്. ഒരു ക്ലാസ് മുറിയിൽ വെച്ച് നടത്താവുന്ന തോക്കിൻ്റെ ആക്രമണശേഷിയെക്കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങൾ മറികടന്ന് അക്രമ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ചും എഐ ചാറ്റ്‌ബോട്ട് അക്രമിക്ക് ഉപദേശം നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. മുൻപ് പ്ലാൻ ചെയ്ത ആക്രമണ നിർദ്ദേശങ്ങളുടെ പേരിൽ അക്കൗണ്ട് നിരോധിച്ചിരുന്നെങ്കിലും, കാര്യങ്ങൾ വ്യാജമാണെന്ന മട്ടിൽ ചോദിച്ച് എഐ സിസ്റ്റത്തെ വീണ്ടും വഴിതെറ്റിക്കാൻ ചാറ്റ്‌ബോട്ട് തന്നെ പ്രതിയോട് നിർദ്ദേശിക്കുകയായിരുന്നു.

തുടർന്ന്,  എഐ സാങ്കേതിക കമ്പനികൾക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ വരുത്തുന്ന വിപത്തുകളിൽ വ്യക്തമായ നിയമപരമായ ഉത്തരവാദിത്തം ഉണ്ടായിരിക്കണമെന്ന് ബി.സി. അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി. നിലവിൽ ബ്രിട്ടീഷ് കൊളംബിയ സർക്കാരും അക്രമണം അതിജീവിച്ചവരും ഓപ്പൺ എഐക്കെതിരെ സിവിൽ കേസ് നൽകിയിട്ടുണ്ടെങ്കിലും, പുതിയ ക്രിമിനൽ നിയമ ഭേദഗതികൾ വരുന്നതോടെ കമ്പനികളുടെ ഭാഗത്തുനിന്നുള്ള ഇത്തരം ഗുരുതര വീഴ്ചകളിൽ നേരിട്ട് ക്രിമിനൽ നടപടിയെടുക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.