അമേരിക്കൻ പൗരത്വമില്ലാതെ മൂന്ന് തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്തതിന് കനേഡിയൻ വനിതയ്ക്കെതിരെ യു.എസിൽ വോട്ടർ തട്ടിപ്പ് കുറ്റം ചുമത്തി. ക്രിസ്റ്റീൻ വിനെറ്റ് യംഗ് (75) എന്ന വനിതയ്ക്കെതിരെയാണ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
യു.എസ് പൗരത്വമില്ലെന്ന് അറിഞ്ഞു കൊണ്ടുതന്നെ ഇവർ 2022-ലെ പ്രൈമറി തിരഞ്ഞെടുപ്പിലും, 2022, 2024 വർഷങ്ങളിലെ പൊതുതിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തതായി ഫ്ലോറിഡയിലെ യു.എസ് അറ്റോർണി ഓഫീസ് അറിയിച്ചു. വോട്ട് ചെയ്യുന്ന സമയത്ത് ഇവർ അനധികൃതമായാണ് യു.എസിൽ തങ്ങിയിരുന്നതെന്നും അധികൃതർ വ്യക്തമാക്കി.
കുറ്റം തെളിയിക്കപ്പെട്ടാൽ ഇവർക്ക് പരമാവധി മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാം. ഹോംലാൻ്റ് സെക്യൂരിറ്റിയാണ് ഈ കേസിൽ അന്വേഷണം നടത്തിയത്. കുറ്റം തെളിയുന്നത് വരെ വിനെറ്റ് യംഗ് നിരപരാധിയാണെന്നും യു.എസ് അറ്റോർണി ഓഫീസ് കൂട്ടിച്ചേർത്തു. അതേസമയം, ഈ വിഷയത്തിൽ പ്രതികരിക്കാൻ വിനെറ്റ് യംഗ് തയ്യാറായിട്ടില്ല.