ഇന്നലെ ഇന്ന് - ശ്രീ. ഇടത്തിട്ട ആർ.രാജേന്ദ്രൻ ഉണ്ണിത്താൻ എഴുതുന്ന ദ്വൈവാര പംക്തി

By: 600074 On: Nov 8, 2021, 3:00 AM

ഇന്നലെ ഇന്ന്

ആർ .രാജേന്ദ്രൻ ഉണ്ണിത്താൻ

ഇടത്തിട്ട

ഭുമിയുണ്ടായിരുന്ന കാലം മുതൽ മനുഷ്യൻ ഉണ്ടായിരുന്നോ ?. ഇന്നു കാണുന്നതെല്ലാം ഉണ്ടായിരുന്നോ ?. അല്ലെങ്കിൽ എന്തെല്ലാം ഉണ്ടായിരുന്നു ?. ആർക്കറിയാം. നരവംശ ശാസ്ത്രജ്ഞൻമാർ പല കാലങ്ങളായി പല നിഗമനങ്ങളും ഇതിനോടകം നടത്തിയിട്ടുണ്ടല്ലോ. ലോകത്തിന്റെ വിവിധ കോണുകളിൽ പല കാലങ്ങളിൽ ജന്മമെടുത്ത ആ ചാര്യന്മാരും ,മഹത് വ്യക്തികളും ,രാഷ്ട്രീയ സൈദ്ധാന്തികന്മാരും  മനുഷ്യഗോത്രത്തെ തങ്ങൾക്കാകും വിധം സംസ്കാര - പരിഷ്കൃതമാക്കുവാൻ ശ്രമിച്ചു. നിരന്തരമായ മനുഷ്യ പ്രയത്നത്തിലൂടെ, ശാസ്ത്ര ഗവേഷണ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ലോകം പല കോണുകളിൽ പല തരത്തിൽ വികസിതോന്മുഖമായി മാറി. സൂര്യനു ചുറ്റും അതിവേഗം പരിക്രമണം ചെയ്യുന്ന ഭൂഗോളത്തിന്റെ മൂലകളിലിരുന്ന് ചിലർ വിളിച്ചു പറഞ്ഞു ഞങ്ങൾ സംസ്കാരമുള്ളവരായി, പരിഷ്കാരമുള്ളവരായി. അവർ മറ്റുള്ളവരെ നോക്കിപ്പറഞ്ഞു നിങ്ങൾ ദരിദ്രർ, അപരിഷ്കൃതർ , സംസ്കാര വിഹീനർ. എന്താണ് സംസ്കാരം – പരിഷ്കാരം ?. കാലങ്ങളായി പലരും തങ്ങൾക്കാകും വിധം ഇതിനെ വ്യാഖ്യാനിക്കുവാൻ ശ്രമിച്ചു. അല്ല ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.

           മിത്രങ്ങളെ നിങ്ങൾ ഇപ്പോൾ വിചാരിക്കുന്നുണ്ടാകും ‘ഇന്നലെ -ഇന്ന് ‘ എന്നു പറഞ്ഞു തുടങ്ങിയിട്ട് എന്തിനാണ്  മനുഷ്യോത്ഭവത്തിലേക്കും പിന്നിട്ട വഴികളിലേക്കും അലഞ്ഞുതിരിഞ്ഞ് കയറിപ്പോകുന്നതെന്ന്. നമുക്കു ചുറ്റും ഇന്ന് കാണുന്നതെല്ലാം ഒരു സുപ്രഭാതത്തിൽ പൊട്ടി മുളച്ചതല്ല.ഓരോന്നും  കരുപ്പിടിപ്പിക്കുവാൻ നമ്മുടെ പൂർവ്വികർ പല കാലങ്ങളായി അനുഭവിച്ച കഷ്ടപ്പാടുകളും ക്ലേശങ്ങളും വല്ലപ്പോഴുമെങ്കിലും സ്മരിക്കുന്നത് നന്നായിരിക്കുമല്ലോ എന്ന് ഓർമ്മപ്പെടുത്തിയതാണ്.

     ജീവിതത്തിൽ ആദ്യമായി നാലാം ക്ലാസ്സിൽ സാമൂഹ്യപാഠം പഠിച്ചപ്പോൾ  ടീച്ചർ ഒരു ഐതീഹ്യം പറഞ്ഞു തന്നു. പരശുരാമൻ മഴുവെറിഞ്ഞ് കടലിൽ നിന്നും പൊക്കി എടുത്തതാണ് കേരളമെന്ന്. ഏഷ്യാ ഭൂഖണ്ഡത്തിന്റെ താഴെ അറ്റത്ത് ചരിഞ്ഞു ഞെളിഞ്ഞു കിടക്കുന്ന ഒരു കൊച്ചു സ്ഥലത്തെ പരിചയപ്പെടുത്തി തരാൻ അമ്മാളു സാർ കുറച്ചൊന്നുമല്ല അന്ന് കഷ്ടപ്പെട്ടത്. എപ്പോഴും ചിരിക്കുന്ന, എല്ലാ കുട്ടികളേയും ഒരുപോലെ സ്നേഹിക്കുന്ന ഒരു പാവമാണ് അമ്മാളു ടീച്ചർ. ടീച്ചർ അടുത്തു വരുമ്പോൾ മലബാർ ഗ്ലോറി സോപ്പിന്റേയോ മൈസൂർ സാന്റൽ സോപ്പിന്റേയോ മണമാണ്. ഇന്നത്തെ അധ്യാപികമാരെപ്പോലെ പട്ടുസാരിയും ലിപ്സ്റ്റിക്കും പെർഫൂമും ഒന്നും അവർക്കില്ലായിരുന്നു. കോട്ടൺ സാരി കഞ്ഞി വെള്ളത്തിൽ മുക്കി നല്ല വെയിലിൽ ഉണക്കി മടക്കി മുണ്ടു പെട്ടിയിൽ അടുക്കി വെയ്ക്കും. ഇടയ്ക്ക് സോപ്പു കവറുകൾ ഇടും. അക്കാലത്ത് ഒട്ടുമിക്ക സ്ത്രീകളും തങ്ങളുടെ വസ്ത്രങ്ങൾക്ക് മണമുണ്ടാക്കിയിരുന്നത് ഇങ്ങനെയായിരുന്നു.    ഇന്ന് നമ്മുടെ വീടുകളിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളിൽ അമ്പതു ശതമാനവും സൗന്ദര്യ – സുഗന്ധവൽക്കരണ വസ്തുക്കളുടെ കവറുകളാണല്ലോ. എന്നിട്ടും സ്ഥായിയായ ആ സുഗന്ധം ഇന്ന് ലഭിക്കാത്തത് എന്തുകൊണ്ടാകാമെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

       സിഹപ്രതാപിയായി ഇരിക്കുന്ന ഹെഡ് മാസ്റ്ററുടെ അനുവാദം വളഞ്ഞു നിന്ന് വാങ്ങി അമ്മാളു ടീച്ചർ ഭവ്യതയോടെ ആഫീസിൽ കയറി ശ്രദ്ധയോടെ ഭൂലോകത്തിന്റെ മാപ് എടുത്ത് പിറന്നുവീണ കുഞ്ഞിനെ എടുത്തു കൊണ്ടുവരുന്നതു പോലെ ക്ലാസ്സിൽ കൊണ്ടുവരുന്നു. കുട്ടികളെല്ലാവരും ശ്വാസമടക്കി അത്ഭുതപരതന്ത്രരായി ഇരുന്നു. ടീച്ചർ സഹായത്തിനായി മോനിട്ടർ രാജനെ വിളിച്ചു. ക്ലാസ്സിന്റെ അധികാരി എന്ന ഭാവത്തിൽ അവനെണീറ്റ് ടീച്ചറിന്റെ അടുത്തേക്ക് ചെന്നു. ടീച്ചറും മോനിട്ടറും കൂടി ഭൂപടം നിവർത്ത് ബോർഡിൽ  ചേർത്തുപിടിച്ചു. അവിടവിടായി കീറിയതും പല ഭൂഖണ്ഡങ്ങളും മാഞ്ഞു തുടങ്ങിയതുമായ ആ മാപ് കാണുമ്പോഴേ അറിയാം അതിന്റെ കാലപ്പഴക്കം. സ്കൂൾ തുടങ്ങിയ കാലത്തെങ്ങോ വാങ്ങിയതാവാമത്. ടീച്ചർ ഓരോരുത്തരെയായി ബോർഡിനടുത്തേക്ക് വിളിച്ച് കേരളം കാണിച്ചു തന്നു. കേരളത്തേക്കാൾ ഞങ്ങളിൽ പലരും കണ്ടത് മോനിട്ടർ രാജന്റെ മുഖത്തെ ഗമയായിരുന്നു. ചിലർക്കെങ്കിലും രാജനോടുള്ള അസൂയ ഒന്നുകൂടി മൂത്തു. എങ്ങനെ അസൂയ ഉണ്ടാകാതിരിക്കും. എന്തിനും ഏതിനും എല്ലാ സാറുമ്മാർക്കും രാജൻ വേണം. എപ്പോഴും മുറുക്കി ചുവപ്പിച്ച് കൊമ്പൻ മീശ  പിരിച്ചുകയറ്റി വെച്ച് വലിയ ചൂരലുമായി പള്ളിക്കൂടത്തിനു ചുറ്റും അലറി നടക്കുന്ന ഹെഡ് മാസ്റ്ററിന് റോഡിനപ്പുറത്തുള്ള കുട്ടപ്പൻ ചേട്ടന്റെ കടയിൽ നിന്ന് മുറുക്കാൻ വാങ്ങിക്കൊണ്ടുവരാൻ രാജൻ വേണം. നളിനാക്ഷി ടീച്ചറിനും മറിയാമ്മ ടീച്ചറിനും നാരായണൻ സാറിനും ഒക്കെ എപ്പോൾ ചായ വേണമെന്നു തോന്നിയാലും സ്കൂളിന്റെ തെക്കുവശത്തുള്ള മാധവേട്ടന്റെ കടയിൽ പോയി വരാനും അവൻ വേണം. സാറു മ്മാർക്കു മാത്രമല്ല അവനെ ആവശ്യം .ഉപ്പുമാവ് തയ്യാറാക്കുന്ന  ഗൗരിയമ്മയ്ക്കും രാജനെ വേണം. ഓരോ ക്ലാസ്സിലും രണ്ടും മൂന്നും വർഷം തോറ്റ് തന്റെ സീനിയോറിട്ടി തെളിയിച്ചിട്ടുള്ള ആളാണ് രാജൻ. ഇതിൽ അവനോ അവന്റെ മാതാപിതാക്കൾക്കോ യാതൊരു വിഷമവുമില്ല. എന്നു മാത്രമല്ല ക്ലാസ്സ് മോനിട്ടർ എന്ന പദവി ലഭിച്ചതിൽ അത്യധികം അഭിമാനമാണു താനും. സ്കൂളിൽ എത്തിയാൽ അവന് ക്ലാസ്സിലിരുന്ന് പഠിക്കാൻ സമയമില്ല. പ്യൂൺ മത്തായി ചേട്ടനോടൊപ്പം പോയി ജന്നലുകളും വാതിലുകളും തുറന്നിടണം, ക്ലാസ്സ് മുറികൾ തൂത്തുവാരി വൃത്തിയാക്കണം, സാറുമ്മാർക്കു കൈ കഴുകാനുള്ള വെള്ളം കോരി വരാന്തയിൽ കൊണ്ടു വെയ്ക്കണം, പാചകപ്പുരയിലേക്ക് ആവശ്യം മായ വെള്ളം വിറക് എന്നിവ എത്തിക്കണം, ഉപ്പുമാവ് പാത്രം അടുപ്പിൽ കയറ്റാനും ഇറക്കാനും സഹായിക്കണം' ഉപ്പുമാവ് വിളമ്പി കൊടുക്കണം ,  പാത്രങ്ങൾ പാചകത്തിനു ശേഷം കഴുകി കൊണ്ടു വെയ്ക്കണം , സ്കൂൾ വിട്ടു കഴിഞ്ഞാൽ ജന്നലുകളും വാതിലുകളും അടയ്ക്കണം. ചുരുക്കി പറഞ്ഞാൽ രാജൻ പള്ളിക്കൂടത്തിൽ വരുന്നത് പഠിക്കാനേയായിരുന്നില്ല. അവൻ പഠിച്ചില്ലെങ്കിലും ജയിച്ചില്ലെങ്കിലും ഹോം വർക്ക് ചെയ്തില്ലെങ്കിലും ആർക്കും ഒരു പരാതിയുമില്ല.  അധ്യാപകരാരും തന്നെ അവനോട് ചോദ്യം ചോദിക്കില്ല. ശിക്ഷിക്കുകയുമില്ല. അന്ന് ഇതു പോലുള്ള രാജന്മാർ എല്ലാ സ്കൂളുകളിലും ഉണ്ടായിരുന്നു. ഇന്ന് ഏതെങ്കിലുമൊരു സ്കൂളിൽ  ഇത് പോലെ ഒരു കുട്ടിയെ ഉപയോഗിച്ചാൽ എന്തായിരിക്കും അവസ്ഥ ?.

         അന്ന് ഇന്നത്തെപ്പോലെ നാടിന്റെ മുക്കിലും മൂലയിലും സമ്പന്നർക്ക് പഠിക്കുവാൻ മാത്രമുള്ള ഇംഗ്ലീഷ്  സ്കൂളുകൾ കൂണുപോലെ പൊട്ടിമുളച്ചിരുന്നില്ല. ഒരു നാട്ടിലെ ഉള്ളവനും ഇല്ലാത്തവനും, ഉയർന്നവനും താണവനും പഠനത്തിനുള്ള ഏകാശ്രയം അവിടെയുള്ള പൊതു വിദ്യാലയം മാത്രമായിരുന്നു.

         രണ്ടാം ലോക മഹായുദ്ധത്തിനു  ശേഷം അമേരിക്ക പോലുള്ള വികസിത രാജ്യങ്ങൾ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ഇൻഡ്യ പോലുള്ള ദരിദ്ര രാജ്യങ്ങളിലെ സ്കൂൾ കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിനുള്ള ചോളപ്പൊടിയും എണ്ണയും സൗജന്യമായി വിതരണം ചെയ്തിരുന്നു. ഈ ചരിത്രമൊന്നും അന്ന് അറിയില്ലായിരുന്നെങ്കിലും മൂന്നാമത്തെ പീരിയഡിൽ പാചകപ്പുരയിൽ നിന്നു വരുന്ന ഉപ്പുമാവിന് കടുവറക്കുന്ന മണം ഇന്നും ഓർമ്മയിലുണ്ട്. രാവിലെ സ്കൂളിലേക്ക് പോകുമ്പോൾ പുസ്തകമോ ബുക്കോ മറന്നാലും എല്ലാ കുട്ടികളും മറക്കാതെ കൊണ്ടുപോകുന്ന ഒരു സാധനം അവരുടെ പോക്കറ്റിലുണ്ടാകും. ഭദ്രമായി മടക്കി സൂക്ഷിച്ച ഒരു വട്ടയില. അന്ന് അതായിരുന്നു കുട്ടികളുടെ ഉച്ച ഭക്ഷണപ്ലേറ്റ്. ഉച്ച ബെൽ മുഴങ്ങിക്കഴിയുമ്പോൾ പാചകപ്പുരയുടെ മുന്നിലേക്ക് ഒറ്റയോട്ടമാണ്. എല്ലാ കുട്ടികളുംവരി വരിയായി നില്ക്കും. അല്ലെങ്കിൽ ഹെഡ് മാസ്റ്ററുടെ ചൂരൽ നിർത്തിയിരിക്കും. അക്ഷമയോടെ കുട്ടികൾ രണ്ടു കൈകൾ കൊണ്ടും നീട്ടിപ്പിടിക്കുന്ന ഇലയിലേക്ക് ഒരു തവി ഉപ്പുമാവ് വീതം വിളമ്പുകയായി. ചില കുട്ടികൾ കിട്ടിയ ഉടൻ മൂന്നോ നാലോ ഉരുളകളാക്കി കഴിച്ചതിനു ശേഷം അല്പം കൂടി കിട്ടാൻ ഒരു ശ്രമം നടത്തും. ആ ശ്രമം ചിലപ്പോൾ വിജയിക്കും അല്ലെങ്കിൽ ഹെഡ് മാസ്റ്ററുടെ ചൂരലിന്റെ സുഖമറിഞ്ഞ് പരാജയപ്പെടും. വീട് അടുത്തുള്ള   ചില കുട്ടികൾ ഉപ്പുമാവ് കിട്ടിയ പാടേ മുറുക്കിപ്പൊതിഞ്ഞ് വീട്ടിലേക്ക് ഒറ്റയോട്ടമാണ്. ചേട്ടൻ കൊണ്ടുവരുന്ന ഉപ്പുമാവ് തിന്നാൻ കൊതിയോടെ കാത്തിരിക്കുന്ന അനിയനും അനിയത്തിയും അവിടെയുണ്ടാകും. എല്ലാവരും ചേർന്ന് അത് കഴിച്ചതിനു ശേഷം വയറു നിറച്ച് പച്ചവെള്ളവും കുടിച്ച് പോയതിനേക്കാൾ വേഗത്തിൽ അവർ സ്കൂളിൽ തിരിച്ചെത്തും. കൂട്ടുകാരോടൊപ്പം അടിച്ചോട്ടം, സാറ്റ് എന്നീ കളികളിൽ വ്യാപൃതരാകുന്നു. ഉപ്പുമാവിന്റെ സ്ഥാനത്ത് പിന്നീട് ഉച്ചക്കഞ്ഞിയും പയറും വന്നു. ഏറെക്കാലം കഞ്ഞിയായിരുന്നു. എന്നാൽ ഇന്ന് കഥയാകെ മാറി. ഉച്ച ഭക്ഷണം ഉച്ച ഊണായി മാറിയിരിക്കുന്നു. ഒരു കറിയും രണ്ടു കൂട്ടാനുമുള്ള ഊണ്. ആഴ്ചയിൽ രണ്ടു ദിവസം പാൽ ഒരു ദിവസം മുട്ട. കുട്ടികൾ ഭക്ഷണത്തിനായി വരിവരിയായി നിൽക്കേണ്ടതില്ല . പല സ്കൂളുകളിലും പ്ലേറ്റും ഡൈനിംഗ് മുറിയും ഒരുങ്ങിക്കഴിഞ്ഞു. സോപ്പിട്ട് കൈ കഴുകിയെത്തുന്ന കുട്ടികളെ രാജകീയ വരവേല്പ് നൽകി ഇരുത്തി ഭക്ഷണം കൊടുക്കുന്ന രീതി ഇന്നുണ്ട്. അന്ന് ഭിക്ഷക്കാരെപ്പോലെ ഇലയിൽ ഉപ്പുമാവ് കഴിച്ചവർക്ക് ഇതൊക്കെ കണ്ട് നെടു വീർപ്പിടാനേ കഴിയുകയുള്ളു.

അക്കാലത്ത് എല്ലാ സ്കൂളുകളിലും ഒഴിവാക്കാൻ പറ്റാത്ത രണ്ടു വ്യക്തികൾ ഉണ്ടാകും. ഐസ് മാമനും  നെല്ലിക്ക അമ്മുമ്മയും. ഒരു കുട്ടിയുടെ വിദ്യാഭ്യാസ കാലഘട്ടത്തിലെ ഒത്തിരി ഓർമ്മകൾ ഇവരെ ചുറ്റിപ്പറ്റിയുണ്ടാകും. ഐസിനും നെല്ലിക്കയ്ക്കും വേണ്ടി അടി ഇട്ടതും കൂട്ടു വെട്ടിയതും പിണക്കം മാറ്റിയതും അങ്ങനെ എത്ര സംഭവങ്ങൾ. ഇന്നത്തെപ്പോലെ രക്ഷിതാക്കൾ സ്കൂളിൽ പോകുന്ന കുട്ടികൾക്ക് പോക്കറ്റ് മണി കൊടുക്കുന്ന സമ്പ്രദായം അന്നില്ലായിരുന്നു. പഞ്ചസാരയോ ഉപ്പോ കടുകോ വാങ്ങിക്കാൻ കടയിൽ വിടുമ്പോൾ ബാക്കി കിട്ടുന്നതിൽ നിന്ന് അമ്മയുടെ നൂറായിരം കണക്കുകളുടെ കൂട്ടി കിഴിക്കലുകളിലൂടെ അടിച്ചു മാറ്റുന്നതായിരിക്കും അഞ്ച് പൈസ. അന്ന് അഞ്ചു പൈസയുമായി സ്കൂളിൽ വരുന്നവൻ രാജാവാണ്. അതുകൊണ്ട് ഐസോ നെല്ലിക്കയോ വാങ്ങി കൂട്ടുകാർക്ക് പങ്കിട്ടുകൊടുക്കുന്നു. പങ്കു വെക്കലിന്റെ ആ സ്നേഹത്തെ ക്കുറിച്ച് ഓർക്കുമ്പോൾ ഇന്നും ആ കയ്പൻ നെല്ലിക്ക ചവച്ചരച്ച് തിന്നതിനു ശേഷം വെള്ളം കുടിക്കുമ്പോഴുള്ള മധുരം ഓർമ്മയിൽ നിറയുന്നു.  തിമിർത്തു പെയ്യുന്ന ഇടവപ്പാതി മഴയെ കൂസാതെ വൈകിട്ട് നാലു മണിക്ക് സ്കൂൾ വിടുമ്പോൾ പാഠപുസ്തകവും സ്ലേറ്റും മാറോടു ചേർത്ത് വാഴയിലയോ ചേമ്പിലയോ കുട പോലെ പിടിച്ച് പോച്ചയിൽ ചവിട്ടിക്കളി കളിച്ച്, നടപ്പാതയിലെ വെള്ളം ചവിട്ടിത്തെറിപ്പിച്ച് പാതി നനഞ്ഞ വസ്ത്രവുമായി വീട്ടിലേക്ക് ഓടിപ്പോകുന്ന കുട്ടികൾ ഇന്നത്തെ വർണ്ണക്കുട ചൂടിയ തലമുറയ്ക് അന്യമാണല്ലോ.