ജെയിംസ് കൂടല്‍
മുഖ്യമന്ത്രി വി.ഡി. സതീശന്റെ പത്രസമ്മേളനം കണ്ടപ്പോള്‍ ഒരു ചോദ്യം ഉയര്‍ന്നു: മന്ത്രിസഭായോഗത്തിലെ തീരുമാനങ്ങള്‍ ജനങ്ങളോട് വിശദീകരിക്കാനുള്ള വേദി എപ്പോഴാണ് മാധ്യമവിചാരണയുടെ അരങ്ങായി മാറിയത്?
സര്‍ക്കാരിനോട് കഠിനമായ ചോദ്യങ്ങള്‍ ചോദിക്കേണ്ടത് മാധ്യമങ്ങളുടെ കടമയാണ്. മറുപടിയില്‍ വ്യക്തതയില്ലെങ്കില്‍ വീണ്ടും ചോദിക്കണം. വൈരുധ്യമുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടണം. എന്നാല്‍ മുഖ്യമന്ത്രി പറയുന്നത് കേള്‍ക്കാന്‍ പോലും അവസരം നല്‍കാതെ ഇടപെടലുകളും ബഹളവും തുടരുമ്പോള്‍ ജനങ്ങള്‍ക്ക് ലഭിക്കേണ്ട വിവരം വഴിയില്‍ നഷ്ടപ്പെടുന്നു. പത്രസമ്മേളനങ്ങളിലെ ഈ അലങ്കോലം ഒഴിവാക്കണം.
ഓരോ മുഖ്യമന്ത്രിക്കും ഓരോ ശൈലിയുണ്ട്. കെ. കരുണാകരന്‍ ചോദ്യങ്ങളെ നേരിട്ട രീതിയിലാവണമെന്നില്ല വി.ഡി. സതീശന്‍ പ്രതികരിക്കുന്നത്. മാധ്യമങ്ങള്‍ ആഗ്രഹിക്കുന്ന വാക്കുകള്‍ തന്നെ മുഖ്യമന്ത്രിയുടെ വായില്‍നിന്ന് വരണമെന്ന് നിര്‍ബന്ധിക്കാനുമാവില്ല. അദ്ദേഹം പറയുന്നത് പൂര്‍ണമായി കേള്‍ക്കുക; അതിനുശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ മൂര്‍ച്ചയോടെ ചോദിക്കുക. അതാണ് ജനങ്ങളോടുള്ള ഉത്തരവാദിത്തം.
സെക്രട്ടേറിയറ്റിലെ പത്രസമ്മേളനങ്ങളില്‍ കരുണാകരനോട് മാധ്യമപ്രവര്‍ത്തകര്‍ നിശിതമായ ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. വാക്കേറ്റം ഉണ്ടാകുമെന്നു ചുറ്റുമുള്ളവര്‍ കരുതിയ നിമിഷങ്ങളില്‍ പോലും ഒരു കണ്ണിറുക്കലിലൂടെ അന്തരീക്ഷത്തിലെ പിരിമുറുക്കം കുറയ്ക്കുന്ന അദ്ദേഹത്തിന്റെ രീതി മറക്കാനാവില്ല. അന്നും ചോദ്യങ്ങള്‍ കടുപ്പമുള്ളവയായിരുന്നു. എന്നാല്‍ ചോദ്യത്തിനും മറുപടിക്കും ഇടം നല്‍കുന്ന ഒരു ക്രമമുണ്ടായിരുന്നു.
കാലം മാറി. മാധ്യമപ്രവര്‍ത്തനത്തിന്റെ ശൈലിയും മാറണം. പത്രസമ്മേളനം തത്സമയം കാണുന്ന ജനങ്ങള്‍ക്ക് ആരാണ് ചോദിച്ചതെന്നും എന്താണ് മറുപടി ലഭിച്ചതെന്നും ഇന്ന് നേരിട്ട് അറിയാം. അതിനാല്‍ ബഹളത്തിലൂടെ വാര്‍ത്തയുടെ അജണ്ട നിശ്ചയിക്കാമെന്ന ധാരണ വിലപ്പോവില്ല. ഈ മാറ്റം തിരിച്ചറിയാത്ത മാധ്യമങ്ങള്‍ ജനങ്ങളുടെ മുന്നില്‍ അപഹാസ്യരാകും.
പ്രവാസലോകത്തും ഇത്തരം വാര്‍ത്താസമീപനം നിരാശയുണ്ടാക്കുന്നുണ്ട്. പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കാള്‍, വിദേശത്തെത്തുന്ന ഒരു മന്ത്രിയുടെ സ്വകാര്യ സന്ദര്‍ശനം പോലും വിവാദമാക്കുന്നതിലാണ് ചിലരുടെ ശ്രദ്ധ. പൊതുതാല്‍പര്യമുള്ള ചോദ്യങ്ങള്‍ തീര്‍ച്ചയായും ചോദിക്കണം. എന്നാല്‍ പ്രവാസികളുടെ ചടങ്ങുകളിലും കൂടിക്കാഴ്ചകളിലും പങ്കെടുക്കുന്നതിനെ മാത്രം സംശയത്തോടെ കാണുന്നതെന്തിനെന്ന് ആത്മപരിശോധന നടത്തണം. പ്രവാസികള്‍ കേരളത്തിന്റെ ഭാഗമാണ്. അവരുടെ ജീവിതവും പ്രശ്‌നങ്ങളും വാര്‍ത്തകളില്‍ ഇടം അര്‍ഹിക്കുന്നു.
മുഖ്യമന്ത്രിക്കും ഇതില്‍ ഉത്തരവാദിത്തമുണ്ട്. മന്ത്രിസഭായോഗത്തിനു ശേഷമുള്ള പത്രസമ്മേളനത്തിന് അടുക്കും ചിട്ടയും ഉറപ്പാക്കണം. പ്രകോപനത്തില്‍ വീഴാതെ ചോദ്യങ്ങള്‍ക്ക് വ്യക്തമായി മറുപടി പറയണം. മാധ്യമങ്ങള്‍ ചോദ്യാവകാശം വിനിയോഗിക്കട്ടെ; മുഖ്യമന്ത്രി മറുപടി പറയട്ടെ. രണ്ടും കേട്ട് തീരുമാനിക്കാന്‍ ജനങ്ങളെ അനുവദിക്കണം.