കാനഡയിൽ അത്യാധുനിക സംവിധാനത്തിലൂടെയുള്ള ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയം; അൻപത് വയസ്സുകാരന് പുതുജീവൻ

By: 600110 On: Sep 25, 2026, 11:07 AM

 

ശരീരത്തിന് പുറത്തെടുത്ത ഹൃദയം യന്ത്രസഹായത്തോടെ മിടിപ്പിച്ചു നിർത്തി, വിജയകരമായി മാറ്റിവെച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് കാനഡയിലെ ലണ്ടൻ ഹെൽത്ത് സയൻസസ് സെന്ററിലെ (LHSC) ഡോക്ടർമാർ. 'ഹാർട്ട് ഇൻ എ ബോക്സ്' എന്നറിയപ്പെടുന്ന 'ട്രാൻസ്മെഡിക്സ് ഓർഗൻ കെയർ സിസ്റ്റം' ഉപയോഗിച്ചായിരുന്നു ഈ അപൂർവ്വ ശസ്ത്രക്രിയ. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ലണ്ടൻ നിവാസിയായ രാജ് മിത്തൽ (50) എന്ന വ്യക്തിക്കാണ് ഈ പുതിയ സാങ്കേതികവിദ്യയിലൂടെ ഹൃദയം മാറ്റിവെച്ചത്.

സാധാരണയായി ദാതാവിൽ നിന്ന് ഹൃദയം വേർപെടുത്തിയാൽ ഐസ് ബക്കറ്റിൽ സൂക്ഷിച്ചാണ് ആശുപത്രിയിലെത്തിക്കാറുള്ളത്. നാല് മുതൽ ആറ് മണിക്കൂറിനുള്ളിൽ മാറ്റിവെച്ചില്ലെങ്കിൽ ഹൃദയം ഉപയോഗശൂന്യമാകും. എന്നാൽ പുതിയ യന്ത്രത്തിൽ ദാതാവിൻ്റെ രക്തവും ഓക്സിജനും കടത്തിവിട്ട്, ശരീരത്തിന് പുറത്തും ഹൃദയത്തിന്റെ ചൂടും മിടിപ്പും അതേപടി നിലനിർത്താൻ സാധിക്കും. ഇതുവഴി ഹൃദയം മാറ്റിവെക്കാൻ ലഭിക്കുന്ന സമയം 12 മണിക്കൂർ വരെയായി ഉയരും. ദൂരസ്ഥലങ്ങളിൽ നിന്ന് സുരക്ഷിതമായി ഹൃദയം എത്തിക്കാനും അത് കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഇതിലൂടെ സാധിക്കും. പുതിയ സാങ്കേതികവിദ്യ വരുന്നതോടെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് ഹൃദയം ലഭിക്കാനുള്ള സാധ്യത 40 ശതമാനത്തോളം വർദ്ധിക്കുമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.

2025 ജൂണിൽ വീട്ടുമുറ്റത്ത് ജോലി ചെയ്യുന്നതിനിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് രാജ് മിത്തലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയത്തിലെ മൂന്ന് പ്രധാന ധമനികളിലും തടസ്സം കണ്ടെത്തിയതിനെ തുടർന്ന് ട്രിപ്പിൾ ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പിന്നീട് മറ്റ് ആന്തരാവയവങ്ങളുടെ പ്രവർത്തനത്തെയും ബാധിച്ചു തുടങ്ങിയതോടെ ജനുവരിയിൽ അദ്ദേഹത്തെ ഹൃദയം മാറ്റിവെക്കൽ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി. പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ വെറും രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ അദ്ദേഹത്തിന് അനുയോജ്യമായ ഹൃദയം ലഭ്യമായി. ഡോ. ദാവും നാഗ്പാൽ, ഡോ. രശ്മ നെടാദൂർ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. മാറ്റിവെച്ച ഹൃദയം ഉടൻ തന്നെ സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങിയെന്ന് ഡോക്ടർമാർ അറിയിച്ചു.

ആരോഗ്യനില വേഗത്തിൽ മെച്ചപ്പെട്ടു വരുന്ന രാജ് മിത്തൽ, അടുത്ത വർഷത്തോടെ സൈക്ലിംഗിലേക്കും സാധാരണ ജീവിതത്തിലേക്കും തിരികെ വരാനാകുമെന്ന സന്തോഷത്തിലാണ്. കാനഡയിൽ ഇതുവരെ മൂന്ന് പേരിൽ ഈ രീതി ഉപയോഗിച്ച് വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കിയിട്ടുണ്ട്.