കാൽഗറിയിൽ നടത്തിയ മൂന്ന് ദിവസത്തെ പ്രത്യേക സുരക്ഷാ പരിശോധനയിൽ ഗുരുതരമായ തകരാറുകൾ കണ്ടെത്തിയതിനെ തുടർന്ന് പകുതിയിലധികം വാണിജ്യ വാഹനങ്ങളും നിരത്തിലിറക്കുന്നതിൽ നിന്ന് തടഞ്ഞു. സെപ്റ്റംബർ 15 മുതൽ 17 വരെ നടത്തിയ പരിശോധനയിൽ ആകെ 197 വാഹനങ്ങളാണ് പരിശോധനക്ക് വിധേയമാക്കിയത്. ഇതിൽ 100 വാഹനങ്ങളെയും അടിയന്തരമായി സർവീസിൽ നിന്ന് വിലക്കി. അതായത് പരിശോധിച്ച വാഹനങ്ങളിൽ 51 ശതമാനവും റോഡിലിറക്കാൻ യോഗ്യമല്ലെന്ന് വ്യക്തമായി.
മറ്റു 36 വാഹനങ്ങൾക്ക് അറ്റകുറ്റപ്പണികൾ നടത്തി തകരാറുകൾ പരിഹരിച്ചാൽ മാത്രമേ തുടർന്ന് ഓടിക്കാൻ അനുമതിയുള്ളൂ. യാതൊരുവിധ സുരക്ഷാ പ്രശ്നങ്ങളുമില്ലാതെ പരിശോധന പൂർത്തിയാക്കാൻ കഴിഞ്ഞത് വെറും 61 വാഹനങ്ങൾക്ക് (ഏകദേശം 31 ശതമാനം) മാത്രമാണ്. തേയ്മാനം സംഭവിച്ച ടയറുകൾ, സുരക്ഷിതമല്ലാത്ത രീതിയിൽ കയറ്റിയ ചരക്കുകൾ, തകരാറിലായ ബ്രേക്കുകൾ, കേടായ ഹെഡ്‌ലൈറ്റുകൾ, സ്റ്റിയറിംഗ് തകരാറുകൾ, ഇന്ധന ടാങ്കിലെ ചോർച്ച എന്നിവയാണ് പ്രധാനമായും കണ്ടെത്തിയത്. തകരാറിലായ ബ്രേക്ക് ലൈനുകൾ, തേയ്മാനം സംഭവിച്ച സുരക്ഷാ ചെയിനുകൾ എന്നിവയുടെ ചിത്രങ്ങളും അധികൃതർ പുറത്തുവിട്ടു.
പരിശോധനയ്ക്കിടെ നിയമലംഘനങ്ങൾ നടത്തിയതിന് ആകെ 98 ട്രാഫിക് ഫൈനുകൾ ചുമത്തി. സാധുവായ ലൈസൻസില്ലാതെ വാണിജ്യ വാഹനം ഓടിച്ചതിന് ഒരു ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. മുൻപ് നടത്തിയ പരിശോധനയിൽ 48 ശതമാനം വാഹനങ്ങളായിരുന്നു ഒഴിവാക്കിയിരുന്നത്. അതിനേക്കാൾ ഉയർന്ന നിരക്കാണ് ഇത്തവണ രേഖപ്പെടുത്തിയത്. കൽഗറി പൊലീസും ഷെരീഫ് ഹൈവേ പട്രോൾ, ആൽബർട്ട ട്രാൻസ്പോർട്ടേഷൻ വെഹിക്കിൾ സേഫ്റ്റി ആൻഡ് ഇക്കണോമിക് കോറിഡോർസ്, എയർഡ്രി ബൈലോ, സിറ്റി ഓഫ് കൽഗറി എന്നിവരും ചേർന്നാണ് സംയുക്തമായി ഈ സുരക്ഷാ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.