20 മാസങ്ങൾക്ക് ശേഷം കാനഡ-യുഎസ് ബോർഡർ നാളെ മുതൽ തുറക്കുന്നു 

By: 600007 On: Nov 7, 2021, 8:21 PM

ഏകദേശം 20 മാസങ്ങൾക്ക് ശേഷം അനിവാര്യമല്ലാത്ത യാത്രകൾക്കായി കാനഡ-യുഎസ് ബോർഡർ നവംബർ 8 മുതൽ തുറക്കുന്നു. പൂർണ്ണമായും വാക്‌സിൻ എടുത്ത യാത്രക്കാർക്കാണ് പ്രവേശനാനുമതി ലഭിക്കുക. പൂർണ്ണമായും വാക്സിനേഷൻ ലഭിച്ച അമേരിക്കക്കാർക്ക് ഓഗസ്റ്റ് 9 മുതൽ കാനഡയിൽ പ്രവേശിക്കുവാൻ അനുമതി കാനഡ സർക്കാർ നൽകിയിരുന്നു. യാത്രയുടെ 14 ദിവസം മുൻപെങ്കിലും ഫൈസർ, മോഡേണ, ആസ്ട്രസെനേക്ക കോവിഷീൽഡ് , ജോൺസൺ & ജോൺസൺ എന്നീ വാക്‌സിൻ സ്വീകരിച്ചവരെയും  മിക്സ് ചെയ്തു രണ്ടു ഡോസ് വാക്‌സിൻ എടുത്തവരെയും ആണ് പൂർണ്ണമായും വാക്‌സിൻ സ്വീകരിച്ചവരായി കണക്കാക്കുന്നത്.

 സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി)  അറിയിപ്പ് പ്രകാരം ഡിജിറ്റൽ അല്ലെങ്കിൽ പ്രിന്റ് രൂപത്തിലുള്ള ക്യുആർ കോഡോടു കൂടിയ വാക്സിനേഷൻ സർട്ടിഫിക്കറ്റോ അല്ലെങ്കിൽ വാക്‌സിൻ സ്വീകരിച്ചു എന്ന് തെളിയിക്കുന്ന വാക്‌സിൻ റെക്കോർഡോ ആവും ബോർഡറിൽ സ്വീകരിക്കുക. 18 വയസ്സിന് താഴെയുള്ള കുട്ടികൾ പൂർണ്ണമായും വാക്സിനേഷൻ എടുത്ത മുതിർന്നവരോടൊപ്പം യാത്ര ചെയ്യുകയാണെങ്കിൽ വാക്സിനേഷൻ മാനദണ്ഡങ്ങൾ പാലിക്കേണ്ടതില്ല.കൂടാതെ യാത്രക്കാർ കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് കാണിക്കേണ്ടതില്ല. 

യുഎസിലേക്ക്  പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് ആവശ്യമില്ലെങ്കിലും, അഞ്ച് വയസോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാ യാത്രക്കാർക്കും ബോർഡർ വഴി കാനഡയിൽ പ്രവേശിക്കുന്നതിന്  72 മണിക്കൂറിനകം എടുത്ത  നെഗറ്റീവ് പിസിആർ ടെസ്റ്റ് റിസൾട്ട് കാണിക്കേണ്ടതാണ്.ഏകദേശം 200 ഡോളറിൽ കൂടുതൽ ചിലവ് വരുന്നതാണ് പിസിആർ ടെസ്റ്റ്.  ന്യൂക്ലിക് ആസിഡ് ടെസ്റ്റ് (NAT), ന്യൂക്ലിക് ആസിഡ് ആംപ്ലിഫിക്കേഷൻ ടെസ്റ്റ് (NAATs) അല്ലെങ്കിൽ റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ ലൂപ്പ്-മീഡിയേറ്റഡ്‌ ഐസോതെർമൽ ആംപ്ലിഫിക്കേഷൻ (RT-LAMP) എന്നിവയാണ് പിസിആർ ടെസ്റ്റിന് പകരമായി കാനഡ സ്വീകരിക്കുക.    റാപിഡ് ആന്റിജൻ ടെസ്റ്റ് റിസൾട്ട് കാനഡ സ്വീകരിക്കുന്നതല്ല.