കാലാവസ്ഥാ വ്യതിയാനം കാരണം കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള മൂന്ന് പ്രധാന മഞ്ഞുമലകൾ വരും പതിറ്റാണ്ടുകൾക്കുള്ളിൽ പൂർണ്ണമായും ഇല്ലാതാകുമെന്ന് പുതിയ പഠനം. 'ആനൽസ് ഓഫ് ഗ്ലേഷിയോളജി' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച കാനഡയിലെ സൈമൺ ഫ്രേസർ സർവകലാശാലയുടെ പഠന റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരമുള്ളത്. ഇതിൽ വിസ്‌ലർ മഞ്ഞുമല അടുത്ത 10 വർഷത്തിനുള്ളിൽ പൂർണ്ണമായി അപ്രത്യക്ഷമാകുമെന്നും, ഹോർസ്റ്റ്മാൻ , ബ്ലാക്ക്‌കോംബ് എന്നീ മഞ്ഞുമലകൾ അടുത്ത 30 മുതൽ 70 വർഷങ്ങൾക്കുള്ളിൽ ഇല്ലാതാകുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ഈ മഞ്ഞുമലകളുടെ വലിപ്പത്തിൽ വൻതോതിലുള്ള കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1970-കൾക്ക് ശേഷം വിസ്‌ലർ മഞ്ഞുമലയുടെ വലിപ്പം 95 ശതമാനവും, ഹോർസ്റ്റ്മാൻ മഞ്ഞുമല 75 ശതമാനവും, ബ്ലാക്ക്‌കോംബ് ഹിമാനി 60 ശതമാനവും ചുരുങ്ങി. വിസ്‌ലർ മഞ്ഞുമല ഇതിനകം തന്നെ മൂന്ന് ചെറിയ മഞ്ഞുപാളികളായി വിഭജിക്കപ്പെട്ടു കഴിഞ്ഞതായും, ഇത് ശാസ്ത്രീയമായി ഒരു റെലിക്ട് മഞ്ഞുമല മാത്രമാണെന്നും ഗവേഷണത്തിന് നേതൃത്വം നൽകിയ ക്ലോയി മോണ്ടി വ്യക്തമാക്കി. മുൻകാലങ്ങളിൽ വേനൽക്കാല സ്കീയിംഗിന് പ്രശസ്തമായിരുന്ന ഈ പ്രദേശങ്ങളിൽ മഞ്ഞ് ഉരുകിയതിനെ തുടർന്ന് വിനോദസഞ്ചാര പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടി വന്നിട്ടുണ്ട്.
ആഗോളതാപനവും കർബൺ പുറന്തള്ളലും നിയന്ത്രിക്കുന്നതിൽ ദീർഘകാലമായി ഉണ്ടായ വീഴ്ചയാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ഈ മൂന്ന് മഞ്ഞുമലകളെയും രക്ഷിക്കാൻ ഇനി സാധിക്കില്ലെങ്കിലും, ആഗോളതലത്തിൽ കാർബൺ പുറന്തള്ളൽ ഉടനടി കുറച്ചാൽ കാനഡയിലെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെയും വലിയ മഞ്ഞുമലകളെയും ഉരുകലിൽ നിന്ന് സംരക്ഷിക്കാൻ സാധിക്കുമെന്ന് ശാസ്ത്രജ്ഞർ ഓർമ്മിപ്പിക്കുന്നു. സമുദ്രനിരപ്പ് ഉയരുന്നത് തടയാനും പരിസ്ഥിതി നാശം ഒഴിവാക്കാനും ലോകരാജ്യങ്ങൾ അടിയന്തരമായി ഇടപെടണമെന്നാണ് ഈ പഠനം നൽകുന്ന പ്രധാന മുന്നറിയിപ്പ്.