വടക്കേ കലിഫോര്‍ണിയയില്‍ കരടിയുടെ ആക്രമണം; ദമ്പതികള്‍ക്ക് പരുക്ക്, വളര്‍ത്തുനായ ചത്തു

By: 600002 On: Sep 25, 2026, 4:36 AM

 


പി പി ചെറിയാന്‍

വാഷിങ്ടണ്‍: വടക്കേ കലിഫോര്‍ണിയയിലെ ട്രിനിറ്റി കൗണ്ടിയില്‍ വീടിനു പുറത്തുവെച്ച് ദമ്പതികള്‍ക്ക് നേരെ കറുത്ത കരടിയുടെ ആക്രമണം. റിട്രീറ്റ് സെന്റര്‍ ഉടമകളായ ജെഫ് വില്‍സണ്‍, മലോറി വില്‍സണ്‍ എന്നിവര്‍ക്കാണ് ഗുരുതര പരുക്കേറ്റത്. ഇവര്‍ക്ക് രക്ഷകയായി എത്തിയ 'കാസി' എന്ന ഫ്രഞ്ച് ബുള്‍ഡോഗ് നായ പരുക്കേറ്റു ചത്തു.

കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. വീട്ടിലെ നായ കുരച്ചതിനെ തുടര്‍ന്ന് പുറത്തിറക്കിയ ജെഫിനെ കരടി ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ ഭാര്യ മലോറിയെയും കരടി ആക്രമിച്ചു. ദമ്പതികളുടെ കയ്യിലുണ്ടായിരുന്ന പാരിയോ ഫര്‍ണിച്ചര്‍ ഉപയോഗിച്ച് കരടിയെ അടിച്ചു തുരത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇരുവര്‍ക്കും ഗുരുതര പരുക്കേറ്റത്.

ജെഫിന്റെ വാരിയെല്ലുകള്‍ ഒടിയുകയും ശരീരത്തില്‍ മാന്തേറ്റ പാടുകള്‍ ഉണ്ടാവുകയും ചെയ്തു. മലോറിയുടെ തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തില്‍ പരുക്കേറ്റ നായയെ വെറ്ററിനറി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദമ്പതികളുടെ ചികിത്സയ്ക്കും മറ്റുമായി സുഹൃത്തുക്കള്‍ ഗോഫണ്ട്മീ (GoFundMe) വഴി ധനസഹായം സമാഹരിക്കുന്നുണ്ട്. കരടിയെ കണ്ടെത്തുന്നതുവരെ തങ്ങളുടെ ഗ്ലാംപിങ് റിട്രീറ്റ് ബിസിനസ്സ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഉടമകള്‍ അറിയിച്ചു.