ഉത്തര്‍പ്രദേശില്‍ ഗ്രേറ്റര്‍ നോയിഡയില്‍ സ്ലീപ്പര്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ ഒന്‍പത് പേര്‍ മരിച്ചു. യമുന എക്‌സ്പ്രസ്‌വേയില്‍ ബുധനാഴ്ച രാത്രിയാണ് അപകടം. 35 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്.
ബസിന്റെ എയര്‍കണ്ടീഷനിംഗ് സംവിധാനത്തില്‍ പൊട്ടിത്തെറിയുണ്ടായതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊട്ടിത്തെറിയുണ്ടായതോടെ എന്‍ജിന്റെ ലൂബ്രിക്കേഷന്‍ ഓയിലിന് തീപിടിക്കുകയും ഇത് അതിവേഗം പടരുകയും ചെയ്തുവെന്നാണ് നിഗമനമെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.