ടൊറൻ്റോ മേയർ തിരഞ്ഞെടുപ്പ്: രൂക്ഷമാകുന്ന ജീവിതച്ചെലവും സുരക്ഷാ ആശങ്കകളും ജനവിധിയെ സ്വാധീനിക്കുന്നു; ഒലിവിയ ചൗവിന് വ്യക്തമായ മേൽക്കൈയെന്ന് സൂചന

By: 600110 On: Sep 24, 2026, 10:55 AM

 

ടൊറന്റോ മേയർ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവന്ന ഏറ്റവും പുതിയ ഇപ്സോസ് സർവേ റിപ്പോർട്ട് പ്രകാരം, സാമ്പത്തിക പ്രതിസന്ധികളും പൊതുസുരക്ഷയുമാണ് നഗരവാസികളെ അലട്ടുന്ന പ്രധാന വിഷയങ്ങൾ. തുടർച്ചയായ വിലക്കയറ്റവും ഉയർന്ന വാടകനിരക്കുകളും സൃഷ്ടിക്കുന്ന സാമ്പത്തിക ഭാരം കാരണം ഗണ്യമായ വിഭാഗം ജനങ്ങൾ, പ്രത്യേകിച്ച് യുവാക്കളും കുടിയേറ്റക്കാരും, നഗരം വിട്ടുമാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നു. എന്നിരുന്നാലും, ഭരണരംഗത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നിലവിലെ മേയർ ഒലിവിയ ചൗ 59 ശതമാനം ആളുകളുടെ പിന്തുണയോടെ പ്രകടമായ ജനപ്രീതി നിലനിർത്തുന്നുണ്ട്.

പ്രധാന എതിരാളിയായ ബ്രാഡ് ബ്രാഡ്‌ഫോർഡിനേക്കാൾ 15 പോയിന്റിന്റെ വ്യക്തമായ മുൻതൂക്കം ഒലിവിയ ചൗ അവകാശപ്പെടുന്നുണ്ടെങ്കിലും, വോട്ടർമാരിൽ നാലിലൊന്ന് ഭാഗവും ഇപ്പോഴും തീരുമാനം എടുക്കാത്തവരായി തുടരുന്നത് മത്സരത്തിന്റെ വ്യാപ്തി കൂട്ടുന്നു. സാമ്പത്തിക സുരക്ഷിതത്വമില്ലായ്മയ്‌ക്കൊപ്പം  ടി.ടി.സി , ടൗൺ സ്വക്വയറുകൾ എന്നിവടങ്ങളിൽ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും സുരക്ഷാഭീതിയും വോട്ടർമാരുടെ രാഷ്ട്രീയ നിലപാടുകളെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. പാർപ്പിട ലഭ്യത ഉറപ്പാക്കുന്നതിനും ജീവിതച്ചെലവ് നിയന്ത്രിക്കുന്നതിനും കൃത്യമായ പദ്ധതികൾ മുന്നോട്ടുവെക്കുന്ന സ്ഥാനാർത്ഥികൾക്കായിരിക്കും നഗരവാസികൾ മുൻഗണന നൽകുക.

അടിസ്ഥാന സൗകര്യ വികസനവും ദിനംപ്രതിയുള്ള ജീവിതച്ചെലവും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കുകയെന്നതാണ് വരാനിരിക്കുന്ന ഭരണനേതൃത്വത്തിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഗതാഗത സംവിധാനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനൊപ്പം പൗരന്മാരുടെ വ്യക്തിസുരക്ഷ ഉറപ്പുവരുത്താൻ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുമെന്ന പ്രഖ്യാപനങ്ങളോടെയാണ് പ്രധാന സ്ഥാനാർത്ഥികൾ പ്രചാരണരംഗത്ത് മുന്നേറുന്നത്. അതിനാൽ തന്നെ, സാമ്പത്തിക പ്രതിസന്ധികൾക്ക് പ്രായോഗിക പരിഹാരം നിർദ്ദേശിക്കുന്ന നയസമീപനങ്ങൾക്കാകും ഒക്ടോബർ 26-ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ അന്തിമ ജനവിധിയെ നിർണ്ണയിക്കാൻ സാധിക്കുക.