അമേരിക്കന്‍ ഭീഷണികള്‍ക്ക് മുന്നില്‍ തലകുനിക്കില്ല: ട്രംപിന് മുന്നറിയിപ്പുമായി ഇറാന്‍ പ്രസിഡന്റ് 

By: 600002 On: Sep 24, 2026, 9:05 AM



പി പി ചെറിയാന്‍

ന്യൂയോര്‍ക്ക്: അമേരിക്കയുടെ ഭീഷണികള്‍ക്ക് മുന്നില്‍ രാജ്യം വഴങ്ങില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. ഇറാന്റെ പരമാധികാരത്തെ ഇല്ലാതാക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ, ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപരോധങ്ങളും സമ്മര്‍ദ്ദങ്ങളും കൂടുന്തോറും ഇറാനിയന്‍ ജനതയുടെ പ്രതിരോധം ശക്തമാകുമെന്നും രാജ്യം ആര്‍ക്കും മുന്നില്‍ മുട്ടുമടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.യു.എസ്-ഇസ്രായേല്‍ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ട കുട്ടികളുടെയും മുന്‍ പരമാധികാര നേതാവ് ആയത്തുള്ള അലി ഖമേനിയുടെയും ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പെസെഷ്‌കിയാന്‍ പ്രസംഗിച്ചത്.

ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്കുള്ള ആണവപദ്ധതികള്‍ക്ക് രാജ്യത്തിന് അവകാശമുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഭീഷണിയുടെ ഭാഷ ഒഴിവാക്കിയുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്ക് ഇറാന്‍ ഇപ്പോഴും തയ്യാറാണെന്നും യു.എസിനെയും ഇസ്രായേലിനെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.