കാനഡയുടെ കുടിയേറ്റ നയം രാജ്യത്തെ നശിപ്പിക്കുന്നുവെന്ന് ഡോണൾഡ് ട്രംപ്: തെറ്റായ വിവരങ്ങളെന്ന് കാനഡ

By: 600110 On: Sep 24, 2026, 8:56 AM

 

 

നിയന്ത്രണമില്ലാത്ത കുടിയേറ്റം മൂലം കാനഡ സ്വയം നശിക്കുകയാണെന്ന രൂക്ഷ വിമർശനവുമായി  അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് . കൃത്യമായ സുരക്ഷാ പരിശോധനകളോ പരിശോധനാ സംവിധാനങ്ങളോ ഇല്ലാതെ ദശലക്ഷക്കണക്കിന് ആളുകളെ രാജ്യത്തേക്ക് പ്രവേശിക്കാൻ കാനഡ അനുവദിക്കുകയാണെന്നും, ഇത് ഉടൻ പരിഹരിക്കാനാകാത്ത വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ആരോപിച്ചു. ലിബറൽ ഭരണകൂടത്തിൻ്റെ ഈ നയങ്ങൾ രാജ്യത്ത് തൊഴില്ലായ്മ വർദ്ധിക്കാൻ കാരണമായെന്നും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങളോടെ മാത്രമേ അവസാനിക്കൂ എന്നും ട്രംപ് കൂട്ടിച്ചേർത്തു.

എന്നാൽ, ട്രംപിന്റെ ആരോപണങ്ങൾ യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്ന് വ്യക്തമാക്കി കനേഡിയൻ അധികൃതർ രംഗത്തെത്തി. രാജ്യത്തെ തൊഴില്ലായ്മ നിരക്കും കുടിയേറ്റ പ്രക്രിയയും തമ്മിൽ ട്രംപ് ഉന്നയിക്കുന്ന തരത്തിലുള്ള ബന്ധമില്ലെന്നും കുടിയേറ്റക്കാർക്ക് വ്യക്തമായ മാനദണ്ഡങ്ങളിലൂടെ മാത്രമാണ് പ്രവേശനം നൽകുന്നതെന്നും കാനഡ ചൂണ്ടിക്കാട്ടുന്നു. ട്രംപിൻ്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും അദ്ദേഹം പുറത്തുവിട്ടിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പാർപ്പിട പ്രതിസന്ധിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവും മുൻനിർത്തി കാനഡ കഴിഞ്ഞ കുറച്ചു നാളുകളായി കുടിയേറ്റ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചിട്ടുണ്ട്. സ്ഥിരതാമസക്കാരുടെയും താത്കാലിക വിസക്കാരുടെയും എണ്ണം കുറയ്ക്കുന്നതിനായി ഓട്ടാവ കർശനമായ നടപടികളാണ് കൈക്കൊള്ളുന്നത്. ഈ സാഹചര്യത്തിൽ ട്രംപ് നടത്തിയ രാഷ്ട്രീയ പ്രസ്താവന വരാനിരിക്കുന്ന യു.എസ്-കാനഡ നയതന്ത്ര ചർച്ചകളിലും വലിയ ചർച്ചാവിഷയമാകാൻ സാധ്യതയുണ്ട്.