ടെക്‌സസില്‍ 2005 ലെ ട്രിപ്പിള്‍ കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കി

By: 600002 On: Sep 24, 2026, 8:45 AM

 

പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: ടെക്‌സസില്‍ 2005-ല്‍ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കെര്‍സാന്‍ ഒലജുവ റാമെയ്ക്ക് (41) വധശിക്ഷ നടപ്പാക്കി.ബുധനാഴ്ച ഹണ്ട്‌സ്വില്ലെയിലെ ടെക്‌സസ് സ്റ്റേറ്റ് പെനിറ്റന്‍ഷ്യറിയില്‍ മാരകമായ വിഷാംശം കുത്തിവെച്ചാണ് ശിക്ഷ നടപ്പിലാക്കിയത്.

ഇതോടെ ഈ വര്‍ഷം ടെക്‌സസില്‍ വധശിക്ഷയ്ക്ക് വിധേയനാകുന്ന ആറാമത്തെ വ്യക്തിയായി റാമി മാറി. ഈ വര്‍ഷം ഇതുവരെ അമേരിക്കയിലുടനീളം 28 പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.

2005 ഓഗസ്റ്റ് 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊക്കെയ്ന്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടയിലാണ് എഡ്‌നയിലെ വീട്ടില്‍ വെച്ച് മൂന്ന് പേരെ വെടിവെച്ചുകൊന്നത്. ടിഫാനി പീക്കോക്ക് (18), സാമുവല്‍ റോബര്‍ട്ട്‌സ് (24), സെല്‍സോ ലോപ്പസ് (38) എന്നിവരാണ് കൊല്ലപ്പെട്ടത്.

കുറ്റകൃത്യം നടക്കുമ്പോള്‍ റാമെയ്ക്ക് 20 വയസ്സായിരുന്നു പ്രായം. 19 വര്‍ഷത്തിലേറെയായി അദ്ദേഹം ഡെത്ത് റോയിലായിരുന്നു. ഈ കേസില്‍ കൂട്ടുപ്രതിയായിരുന്ന ലെജെയിംസ് നോര്‍മാനെ കഴിഞ്ഞ ആഴ്ചയും വധശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നു.