വീണ്ടും വിസകള്‍ നല്‍കി തുടങ്ങി കുവൈത്ത് 

By: 600007 On: Nov 7, 2021, 5:21 PM

കുവൈത്തില്‍ തൊഴില്‍ വിസയും സന്ദര്‍ശക വിസയുമടക്കം എല്ലാ വിസകളും വീണ്ടും അനുവദിക്കാന്‍ തുടങ്ങി. 53 രാജ്യക്കാര്‍ക്ക് ഇവിസയും അനുവദിക്കും.  അപേക്ഷകരുടെ പങ്കാളികള്‍ക്ക് മാത്രമേ ആശ്രിത വിസ അനുവദിക്കൂവെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡന്‍സി അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സര്‍ക്കുലറില്‍ അറിയിച്ചു. കുറഞ്ഞത്  500 ദിനാര്‍ (ഏതാണ്ട് 122,858 രൂപ) മാസ ശമ്പളം ഉള്ളവര്‍ക്കേ ആശ്രിത വിസ അനുവദിക്കൂ. പ്രവാസിയുടെ 16 വയസിന് താഴെയുള്ള കുട്ടികള്‍ക്കും വിദേശികളെ വിവാഹം കഴിച്ച കുവൈത്ത് വനിതകളുടെ കുട്ടികള്‍ക്കും ആശ്രിത വിസയോ ടൂറിസ്റ്റ് വിസയോ അനുവദിക്കും. എല്ലാ ഗവര്‍ണറേറ്റുകളിലും റെസിഡന്‍സി അഫയേഴ്‌സ് വകുപ്പില്‍ വിസയ്ക്കുള്ള അപേക്ഷ ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

വാണിജ്യം, വിനോദ സഞ്ചാരം, പൊതുമേഖല എന്നിവയിലാണ് സന്ദര്‍ശക, ബിസിനസ് വിസകള്‍ അുവദിക്കുക. വാണിജ്യ സന്ദര്‍ശക വിസ വാണിജ്യ പ്രവര്‍ത്തനത്തിന് മാത്രമായിരിക്കും. പൊതു മേഖലയില്‍ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും അവരുടെ ആവശ്യത്തിനായി സന്ദര്‍ശക വിസ അനുവദിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് വിസക്ക് അപേക്ഷിക്കേണ്ടത്. കുവൈത്ത് അംഗീകരിച്ച കോവിഡ് വാക്‌സിന്‍ പൂര്‍ണമായി സ്വീകരിച്ചവരായിരിക്കണം അപേക്ഷകര്‍. ഇത് തെളിയിക്കുന്ന ക്യൂആര്‍ കോഡ് സഹിതമുള്ള വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഫൈസര്‍, ആസ്ട്രസെനക്ക, മെഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ വാക്‌സിനുകള്‍ക്കാണ് കുവൈത്തില്‍ അംഗീകാരമുള്ളത്. മറ്റു വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ അംഗീകൃത നാല് വാക്‌സിനുകളില്‍ ഒന്നിന്റെ മൂന്നാം ഡോസ് എടുത്ത് വിസ ലഭിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൊറോണ വൈറസ് മഹാമാരി കാരണം ഒന്നര വര്‍ഷത്തോളമായി വിസകള്‍ അനുവദിക്കുന്നത് കുവൈത്ത് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

Content highlight: Kuwait resumes issuance of all categories of expat vissa