ആൽബർട്ട റഫറണ്ടം: വോട്ടെടുപ്പ് കേന്ദ്രങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ട് ഇലക്ഷൻസ് ആൽബർട്ട

By: 600110 On: Sep 23, 2026, 10:24 AM

ഒക്ടോബർ 19-ലെ ചരിത്രപ്രധാനമായ റഫറണ്ടത്തിന് മുന്നോടിയായി സംസ്ഥാനത്തുടനീളമുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളുടെ വിവരങ്ങൾ ഇലക്ഷൻസ് ആൽബർട്ട പുറത്തുവിട്ടു. 1,400-ലധികം പോളിംഗ് സ്റ്റേഷനുകളുടെ വിവരങ്ങളാണ് നിലവിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വോട്ടർമാർക്ക് ഇലക്ഷൻസ് ആൽബർട്ടയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ മേൽവിലാസം നൽകിയോ, തപാലിൽ ലഭിക്കുന്ന Where to Vote കാർഡ് മുഖേനയോ തങ്ങളുടെ പോളിംഗ് സ്റ്റേഷൻ കണ്ടെത്താൻ സാധിക്കും.

ഒക്ടോബർ 13 മുതൽ 17 വരെ നടക്കുന്ന മുൻകൂർ വോട്ടെടുപ്പിനായി  310 വോട്ടിംഗ് കേന്ദ്രങ്ങളാണ് ഏജൻസി ക്രമീകരിക്കുന്നത്. മുൻകൂട്ടി വോട്ട് ചെയ്യുന്നവർക്ക് തങ്ങളുടെ നിയോജക മണ്ഡലത്തിലെ ഏതൊരു അഡ്വാൻസ് പോളിംഗ് സ്റ്റേഷനിലും വോട്ട് രേഖപ്പെടുത്താം. പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യാനുള്ള അപേക്ഷ നൽകാനുള്ള അവസാന തീയതി ഈ വെള്ളിയാഴ്ചയാണ്. ഇതുവരെ 5,20,000-ത്തിലധികം ആളുകൾ തപാൽ വോട്ടിനായി അപേക്ഷിച്ചിട്ടുണ്ടെന്ന് ഇലക്ഷൻസ് അൽബെർട്ട വ്യക്തമാക്കി.

കാനഡയുടെ ഭാഗമായി തുടരണമോ അതോ വിട്ടുപോകുന്നതിനായി രണ്ടാമതൊരു വോട്ടെടുപ്പ് നടത്തണമോ എന്നതടക്കം 10 ചോദ്യങ്ങളടങ്ങുന്നതാണ് ഈ റഫറണ്ടം. ഇത്തവണ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വോട്ട് രേഖപ്പെടുത്തുമെന്നാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ. ജനവിധി അൽബെർട്ടയുടെ രാഷ്ട്രീയ ഭാവി നിർണയിക്കുന്നതിൽ നിർണായകമാകുമെന്നാണ് കരുതപ്പെടുന്നത്.