ടെംപററി റെസിഡൻ്റ്സിനുള്ള ഹെൽത്ത് കെയർ പ്രീമിയം: പ്രതിവർഷം 1,900 ഡോളർ ഈടാക്കാൻ നിർദ്ദേശവുമായി ആൽബെർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്

By: 600110 On: Sep 23, 2026, 10:06 AM

ആൽബെർട്ടയിൽ താല്കാലികമായി താമസിക്കുന്ന വിദേശ പൗരന്മാർക്ക് പബ്ലിക് ഹെൽത്ത് കെയർ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി പ്രതിവർഷം 1,900 കാനഡിയൻ ഡോളർ നിരക്കിൽ പ്രത്യേക യൂസർ ഫീ അല്ലെങ്കിൽ പ്രീമിയം ഏർപ്പെടുത്തുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് . കാനഡയിൽ സ്ഥിരതാമസക്കാരല്ലാത്തവർ പൊതുജനാരോഗ്യ, വിദ്യാഭ്യാസ സേവനങ്ങൾ പ്രയോജനപ്പെടുത്തുമ്പോൾ അതിന് ആനുപാതികമായ തുക ഈടാക്കുന്നത് സംബന്ധിച്ച നിർദ്ദേശം പ്രവിശ്യാ ഭരണകൂടം മുന്നോട്ടുവെച്ചിട്ടുണ്ട്. യു.കെയിൽ നിലവിലുള്ള 'ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ്' മാതൃകയാക്കിയാണ് ആൽബെർട്ടയും താല്കാലിക നിവാസികൾക്ക് വാർഷിക പ്രീമിയം നിശ്ചയിക്കാൻ ഒരുങ്ങുന്നത്.

ആൽബെർട്ടയിലെ സ്ഥിരതാമസക്കാർ പ്രവിശ്യയിലെ ദീർഘകാല നികുതിദായകരാണെന്നും, താല്കാലികമായി വന്നവർ അവിടുത്തെ പൊതുസേവനങ്ങൾ ഉപയോഗിക്കുമ്പോൾ അതിനുള്ള ചെലവ് ഭാഗികമായെങ്കിലും വഹിക്കേണ്ടതുണ്ടെന്നുമാണ് ഭരണകൂടത്തിന്റെ വാദം. എന്നാൽ  പ്രതിപക്ഷമായ എൻ.ഡി.പി ഈ നീക്കത്തിനെതിരെ കടുത്ത എതിർപ്പുമായി രംഗത്തെത്തി. താല്കാലിക തൊഴിൽ വിസയിലുള്ളവരും പ്രവിശ്യയിൽ കൃത്യമായി നികുതി അടയ്ക്കുന്നവരാണെന്നും, നിലവിലെ പൊതുജന ആരോഗ്യ മേഖലയിലെ ഭരണപരമായ പോരായ്മകളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഭരണകൂടം ഇത്തരം പ്രഖ്യാപനങ്ങൾ നടത്തുന്നതെന്നും എൻ.ഡി.പി നേതാവ് നാഹീദ് നെൻഷി കുറ്റപ്പെടുത്തി. വിദേശ തൊഴിലാളികളെ ആശ്രയിക്കുന്ന പ്രവിശ്യയിലെ വാണിജ്യ-വ്യവസായ മേഖലകൾക്കും ഈ തീരുമാനം ഭാവിയിൽ തിരിച്ചടിയായേക്കാമെന്ന വിലയിരുത്തലുമുണ്ട്.

അതേസമയം, പ്രവിശ്യാ ധനമന്ത്രി ജാസൺ നിക്സൺ നൽകുന്ന വിവരം അനുസരിച്ച് ഈ നിർദ്ദേശം നിലവിൽ പ്രാഥമിക ചർച്ചകളുടെ ഘട്ടത്തിലാണ്. പ്രാദേശിക ബിസിനസ് ഗ്രൂപ്പുകളുമായും പൊതുജനങ്ങളുമായും വിഷയം വിശദമായി ചർച്ച ചെയ്ത ശേഷമേ അന്തിമ രൂപരേഖ തയ്യാറാക്കൂ. നിലവിലുള്ള താല്കാലിക നിവാസികൾക്ക് ഇത് ബാധകമാണോ അതോ ഭാവിയിൽ എത്തുന്നവർക്ക് മാത്രമാണോ എന്ന കാര്യത്തിൽ ഔദ്യോഗിക വ്യക്തത വന്നിട്ടില്ല. ആവശ്യമായ നിയമനിർമ്മാണ നടപടികളും കൂടിയാലോചനകളും പൂർത്തിയാക്കി ഈ പരിഷ്കാരം നടപ്പിലാക്കാൻ കൂടുതൽ സമയമെടുക്കുമെന്നാണ് സൂചന.