പാർക്കർ വെൽസ് കേസ്: എമർജൻസി റെസ്‌പോൺസ് വൈകിയതിൽ ഗുരുതര വീഴ്ചയെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്; നടപടിയുമായി കാൽഗറി അധികൃതർ

By: 600110 On: Sep 23, 2026, 9:58 AM

 

കാൽഗറിയിൽ കാണാതായ പതിനൊന്നുകാരൻ പാർക്കർ വെൽസിന്റെ തെരച്ചിലുമായി ബന്ധപ്പെട്ട് എമർജൻസി റെസ്‌പോൺസ് വിഭാഗത്തിന് ഗുരുതര വീഴ്ച സംഭവിച്ചതായി കാൽഗറി സിറ്റിയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. ജൂലൈയിൽ കുട്ടിയെ കാണാതായ വിവരം അറിയിച്ചുകൊണ്ട് 911 ലേക്ക് ലഭിച്ച ആദ്യ ഫോൺ കോൾ പോലീസിന് കൈമാറുന്നതിൽ ജീവനക്കാരുടെ ഭാഗത്തുനിന്ന് 48 മിനിറ്റിന്റെ കാലതാമസമുണ്ടായെന്ന് കമ്മ്യൂണിറ്റി സേഫ്റ്റി ഡയറക്ടർ ഇയാൻ ബുഷെൽ  വ്യക്തമാക്കി.

ഡേ കേർ സ്ഥാപനത്തിൽ നിന്നാണ് കോൾ ലഭിച്ചത് എന്നതിനാലും, പരാതി നൽകുന്നതിന് മുൻപ് കുട്ടിയുടെ രക്ഷിതാക്കളെ വിവരമറിയിക്കാൻ അവർ സമയം ആവശ്യപ്പെട്ടു എന്നതിനാലും പോലീസിനെ ഉടൻ വിവരമറിയിക്കേണ്ടതില്ലെന്ന തെറ്റായ തീരുമാനത്തിലേക്ക് എമർജൻസി ഓപ്പറേറ്റർ എത്തുകയായിരുന്നു. എന്നാൽ, കുട്ടിക്ക് സംസാരിക്കാൻ കഴിയില്ലെന്ന പ്രത്യേക സാഹചര്യവും അവന്റെ പ്രായവും കണക്കിലെടുത്ത് ഉടനടി അടിയന്തര നടപടികൾ സ്വീകരിക്കണമായിരുന്നുവെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.

ഓട്ടിസം ബാധിച്ച പാർക്കർ വെൽസിനായി പ്രദേശവാസികളും പൊലീസും ചേർന്ന് ദിവസങ്ങൾ നീളുന്ന വൻ തെരച്ചിലാണ് നടത്തിയത്. എന്നാൽ തെരച്ചിലിനൊടുവിൽ ഹൈവേയ്ക്കടിയിലെ ഒരു വെള്ളപ്പൊക്ക നിയന്ത്രണ പൈപ്പിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. എമർജൻസി കോൾ അസിസ്റ്റന്റും ഡ്യൂട്ടിയിലുണ്ടായിരുന്ന സൂപ്പർവൈസറും കൃത്യമായ ചട്ടങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതായി അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്ന് ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായി നഗരസഭാ അധികൃതർ സ്ഥിരീകരിച്ചു. കമ്മ്യൂണിറ്റിയെയാകെ ഉലച്ച ഈ ദാരുണ സംഭവത്തിൽ പോലീസിന്റെയും എമർജൻസി വിഭാഗത്തിന്റെയും ഭാഗത്തുനിന്നുണ്ടായ ഏകോപനക്കുറവ് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ എമർജൻസി റെസ്‌പോൺസ് സംവിധാനത്തിൽ സമഗ്രമായ അഴിച്ചുപണി നടത്താൻ കാൽഗറി നഗരസഭ തീരുമാനിച്ചു. ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ 911 ജീവനക്കാർക്ക് നൽകുന്ന പരിശീലനം കൂടുതൽ ശക്തമാക്കാനും, പ്രവർത്തനങ്ങളുടെ തത്സമയ മേൽനോട്ടത്തിനായി അധിക സൂപ്പർവൈസർമാരെ നിയമിക്കാനും നടപടിയെടുത്തിട്ടുണ്ട്. ഇതിനുപുറമേ, പ്രായപൂർത്തിയാകാത്ത കുട്ടികളെ കാണാതാകുമ്പോൾ നൽകുന്ന എമർജൻസി അലേർട്ട് സംവിധാനങ്ങളുടെ  മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്കരിക്കുന്ന കാര്യം ആൽബെർട്ടയുടെ സജീവ പരിഗണനയിലാണ്